കേളകം ജനവാസ കേന്ദ്രത്തിൽ പട്ടാപ്പകൽ കടുവ
text_fieldsളകം: അടക്കാത്തോട് കരിയംകാപ്പിൽ കടുവ പട്ടാപ്പകൽ ജനവാസ കേന്ദ്രത്തിലൂടെ സഞ്ചരിച്ചതിന്റെ നടുക്കത്തിൽ പ്രദേശവാസികൾ. കരിയംകാപ്പിലെ ചിറക്കുഴിയിൽ ബാബുവിന്റെ വീട്ടുപരിസരത്ത് ശനിയാഴ്ച ഉച്ചക്ക് ഒന്നേകാലോടെയാണ് കടുവ പ്രത്യക്ഷപ്പെട്ടത്.
കടുവയെ വീട്ടുമുറ്റത്ത് കണ്ട ബാബു വീട്ടിലേക്ക് ഓടിക്കയറി ഫോട്ടോ എടുക്കാൻ മൊബൈൽ ഫോണെടുത്ത് പുറത്തെത്തിയപ്പോഴേക്കും കടുവ ഓടിമറഞ്ഞിരുന്നു. കുന്നിറങ്ങി താഴ്വാരത്തേക്ക് കുതിച്ച കടുവ ഒന്നരയോടെ കപ്പേളക്ക് സമീപത്തെ പൊട്ടനാനിയിൽ ജങ്ഷൻ കടന്ന് റബർ തോട്ടത്തിലേക്ക് മറയുന്നത് കണ്ടത് കരിനാട് ജോബിയാണ്. ടാപ്പിങ് തൊഴിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് പൊട്ടനാനി ജങ്ഷനിൽ ജോബി കടുവയുടെ മുന്നിൽപെട്ടത്. ജോബിയെ കണ്ടതോടെ കടുവ സമീപത്തെ റബർ തോട്ടത്തിലേക്ക് മറയുകയായിരുന്നു.
വനംവകുപ്പ് നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. കടുവ ജനവാസകേന്ദ്രത്തിലെത്തിയ വിവരമറിഞ്ഞ് കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത്, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ. ജയപ്രകാശ്, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എന്നിവരുടെ നേതൃത്വത്തിലെത്തിയ വനപാലക സംഘം പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി. തുടർന്ന് കടുവയെ കണ്ട പ്രദേശത്തോട് ചേർന്ന് കൂട് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. കൂട് സ്ഥാപിക്കുകയും പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തതായി കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത് പറഞ്ഞു.
കടുവ സാന്നിധ്യമുണ്ടായ പ്രദേശത്ത് ജനം ജാഗ്രത പാലിക്കണമെന്നും ഒറ്റക്ക് പുറത്തിറങ്ങരുതെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, മെംബർമാരായ സജീവൻ പാലുമ്മി, ഷാന്റി സജി എന്നിവർ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി.
കേളകം പൊലീസ് സ്ഥലത്തെത്തി ജനങ്ങൾക്ക് ഉച്ചഭാഷിണിയിലുടെ മുന്നറിയിപ്പ് നൽകി. പേരാവൂർ ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. കേളകം, മുഴക്കുന്ന്, പേരാവൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.