കടുവകളുടെ കണക്കെടുപ്പ്: നിരീക്ഷണ കാമറ സ്ഥാപിച്ചു
text_fieldsകേളകം: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ, ദേശീയതലത്തിൽ കടുവകളുടെ എണ്ണം കണക്കാക്കുന്നതിെൻറ ഭാഗമായി കണ്ണൂർ വനം ഡിവിഷന് കീഴിലും ആറളം വന്യജീവി സങ്കേതം ഡിവിഷന് കീഴിലും കടുവകളുടെ കണക്കെടുപ്പിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
പറമ്പിക്കുളം ഫൗണ്ടേഷെൻറ മേൽനോട്ടത്തിലാണ് സംസ്ഥാനത്തെ കണക്കെടുപ്പ് നടത്തുന്നത്. രണ്ട് വർഷം കൂടുമ്പോഴാണ് കടുവകളുടെ കണക്കെടുപ്പ്. ആറളം വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ 16 ഇടങ്ങളിലും കണ്ണൂർ വനം ഡിവിഷന് കീഴിലെ കണ്ണവത്ത് എട്ടിടങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. ആറളം വന്യജീവി സങ്കേതത്തിലും കണ്ണവം, കൊട്ടിയൂർ വനങ്ങളിലുമാണ് കടുവകളുടെ കണക്കെടുക്കുന്നതിന് കാമറ സ്ഥാപിച്ചത്. വയനാട് വന്യജീവി സങ്കേതവുമായി ബന്ധമുള്ളതിനാൽ ആറളത്തും കൊട്ടിയൂരിലും കണ്ണവത്തും കടുവകളുടെ സാന്നിധ്യമുണ്ട്. 55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ആറളം വന്യജീവി സങ്കേതത്തിൽ അഞ്ചോ ആറോ കടുവകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആറളം വൈൽഡ് ലൈഫ് മുൻവാർഡൻ കെ. ഷജ്ന പറഞ്ഞു. കാമറ സ്ഥാപിക്കാനും നിരീക്ഷിക്കാനും ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഒന്നര മുതൽ രണ്ടടിവരെ ഉയരത്തിലാണ് കാമറ സ്ഥാപിക്കുക.
30 ദിവസമാണ് നിരീക്ഷണം നടത്തുകയെന്ന് കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക് 'മാധ്യമ'ത്തോട് പറഞ്ഞു. പ്രത്യേക ലോഹക്കൂട്ടിലാണ് കാമറ സ്ഥാപിക്കുക. കാമറയിലെ വിവരങ്ങൾ ശേഖരിച്ച് പറമ്പിക്കുളം ഫൗണ്ടേഷനാണ് കണക്കെടുപ്പ് പ്രസിദ്ധീകരിക്കുക. മൂന്ന് ഘട്ടങ്ങളായാണ് കണക്കെടുപ്പ്. കാമറ സ്ഥാപിച്ചും നേർക്കാഴ്ചയിലും കാൽപാടുകൾ, അടയാളങ്ങൾ, അവശിഷ്ടങ്ങൾ എന്നിവ ശാസ്ത്രീയ പരിശോധന നടത്തിയും കടുവകളുടെ സാന്നിധ്യം കണക്കാക്കും. കേരളത്തിലെ കടുവകളുടെ പകുതിയോളവും വയനാടൻ കാടുകളിലാണെന്നാണ് കണക്ക്. സംസ്ഥാനത്ത് 190 കടുവകളുള്ളതായി കണക്കാക്കിയതിൽ 84 എണ്ണവും വയനാട്ടിലാണെന്നാണ് ലഭ്യമായ വിവരം. സംസ്ഥാനത്തെ കടുവ സങ്കേതങ്ങളായ പെരിയാറിനെയും പറമ്പിക്കുളത്തെയും പിന്നിലാക്കിയാണ് വയനാട് കടുവകളുടെ എണ്ണത്തിൽ ഒന്നാമതുള്ളത്. വനംവകുപ്പ് 2016-17ൽ പറമ്പിക്കുളം, പെരിയാർ കടുവസംരക്ഷണ കേന്ദ്രം ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ സർവേയിൽ കര്‍ണാടക - തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തി.
വയനാട് വന്യജീവി സങ്കേതത്തിൽ 75 കടുവകളെ കണ്ടു. നോർത്ത് വയനാട് ഡിവിഷനിൽ അഞ്ചും സൗത്ത് വയനാട് ഡിവിഷനിൽ നാലും കടുവകളെ കണ്ടെത്തി. കേരളത്തിലെ കടുവസങ്കേതങ്ങളായ പെരിയാറിലും പറമ്പിക്കുളത്തും 25 കടുവകൾ വീതമാണുള്ളത്. വയനാട് വന്യജീവി സങ്കേതത്തിൽ 100 ചതുരശ്ര കിലോമീറ്ററിൽ 13 കടുവകളാണുള്ളതെങ്കിൽ പറമ്പിക്കുളത്ത് 1.8, പെരിയാറിൽ 1.36 എന്നിങ്ങനെയാണ് 100 ചതുരശ്ര കിലോമീറ്ററിലുള്ള കണക്ക്. ആവാസവ്യവസ്ഥയുടെ നശീകരണവും വേട്ടയാടലും മൂലം കടുവകളുടെ എണ്ണം അന്താരാഷ്ട്ര തലത്തിൽ കുറയുകയാണ്. എന്നാൽ, ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ കടുവയുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ടെന്നാണ് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ നിഗമനം. ഇപ്പോൾ നടത്തുന്ന കണക്കെടുപ്പ് വിവരം അടുത്ത വർഷമാണ് പ്രസിദ്ധീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.