പുലിയുടെ അലർച്ചയിൽ മലയടിവാരങ്ങൾ: കുലുക്കമില്ലാതെ വനം വകുപ്പ്
text_fieldsകേളകം: കൊട്ടിയൂരിൽ വീണ്ടും പുലിയുടെ വളർത്തുമൃഗവേട്ട. കൊട്ടിയൂർ അമ്പായത്തോട്ടിലെ തടത്തിൽ അനീഷിന്റെ കിടാവിനെ ആണ് വന്യമൃഗം കടിച്ചുകൊന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെ വന്യമൃഗം ആക്രമിക്കുകയായിരുന്നു.
കാലിലും കഴുത്തിലുമാണ് കടിയേറ്റത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊട്ടിയൂർ പഞ്ചായത്ത് പരിധിയിൽ പുലിയുടെ ആക്രമണം നിരന്തരം ഉണ്ട്. പലയിടങ്ങളിലും പ്രദേശവാസികൾ പുലിയെ നേരിട്ട് കാണുകയും പുലി വളർത്തു മൃഗങ്ങളെ കടിച്ചുകൊന്ന് തിന്നുകയും ചെയ്തിട്ടുണ്ട്.
പുലിയെ പിടികൂടുമെന്ന് വനം മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും നടപടിയുണ്ടാവാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കൊട്ടിയൂരിൽ ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പാലുകാച്ചിയിൽ പശുക്കിടാവിനെ പുലി കൊന്നുതിന്ന സംഭവത്തിൽ വനം വകുപ്പുകളുടെ ഓഫിസുകൾ കയറിയിറങ്ങി അക്രമിയായ പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ടിരുന്നു.
പാലുകാച്ചിയിൽ രണ്ടു പുലികളെ കാമറയിലെ നൈറ്റ് വിഷൻ ദൃശ്യങ്ങളിൽ വ്യക്തമായി കണ്ടതാണ്. വനാതിർത്തിയിൽ ഒരു സുരക്ഷയുമില്ലാതെ വളർത്തു മൃഗങ്ങളെ കെട്ടിയിടുന്നതാണ് പുലി ആക്രമിക്കാൻ കാരണമെന്നാണ് വനപാലകർ പറഞ്ഞത്.
എന്നാൽ, എങ്ങനെയാണ് വനാതിർത്തിൽ നിന്നും ഏറെ ദൂരെ അമ്പായത്തോടിൽ തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെ വന്യമൃഗം ആക്രമിച്ചത് എന്നതാണ് നാട്ടുകാർ ചോദിക്കുന്നത്. കടുവയും പുലികളും കാട്ടുപന്നികളും മലയിറങ്ങുന്ന മലയോരത്ത് ജനജീവിതം ഭീതിയിലായിട്ട് കാലങ്ങളായി.
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ കേളകം പഞ്ചായത്തിലെ പൊയ്യമല, വെണ്ടേക്കുംചാൽ, അടക്കത്തോട്, രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ് തുടങ്ങിയ പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചി, പന്നിയാംമല, അമ്പയത്തോട്, ചപ്പമല, നെല്ലിയോടി, ആറളം ഫാം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് കടുവ, പുലി എന്നിവയുടെ ഭീതിയിൽ കഴിയുന്നത്.
ദിവസങ്ങൾക്ക് മുമ്പ് കേളകം പൊയ്യ മലയിലും വെണ്ടേക്കും ചാലിലും ജനങ്ങൾ പുലിയുടെ മുന്നിൽ അകപ്പെട്ടു. ശാന്തിഗിരിയിൽ കടുവയുടെ മുന്നിൽ അകപ്പെട്ട കർഷകർക്ക് കാട് വെട്ടുന്ന യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് മൂലം രക്ഷപ്പെട്ട സംഭവവുമുണ്ടായി.
പന്യാം മലയിൽ കണ്ടെത്തിയ പുലികളെ പിടികൂടുമെന്ന് വനം മന്ത്രി നിയമസഭയിൽ ഉറപ്പുനൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാവാത്തതിനാൽ പുലിയുടെ വളർത്തുമൃഗവേട്ട കൊട്ടിയൂരിൽ തുടരുകയാണ്. പുലിയുടെ അലർച്ചകേട്ട് വിറങ്ങലിച്ച കൊട്ടിയൂരിന്റെയും കേളകത്തിന്റെയും മലയടിവാരങ്ങളിൽ ജനം പുറത്തിറങ്ങാൾ ഭയന്നിട്ടും കുലുക്കമില്ലാതെ വനം വകുപ്പ് ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി മുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.