കടുവ കണിച്ചാറിലുമെത്തി; നടുക്കത്തിൽ മലയോരം
text_fieldsകേളകം: സമീപപ്രദേശങ്ങൾക്ക് പിന്നാലെ മലയോരത്ത് കണിച്ചാറിലും കടുവ സാന്നിധ്യം. കടുവയെ കണ്ടതിന്റെ നടുക്കത്തിലാണ് ടാപ്പിങ് തൊഴിലാളി പോറ്റിമഠത്തിൽ ഗോപാലൻ. കാളികയം അംഗൻവാടിക്ക് സമീപത്തെ റബർ തോട്ടത്തിൽ ബുധനാഴ്ച പുലർച്ചെ ടാപ്പിങ്ങിനായി എത്തിയപ്പോഴാണ് ഗോപാലൻ കടുവയെ കണ്ടത്.
റബർ തോട്ടത്തിനടുത്തുള്ള റോഡിൽകൂടി നടന്നുവരുന്നതിനിടെ ഗോപാലൻ റബർ തോട്ടത്തിലേക്ക് ടോർച്ച് അടിച്ച് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. പ്രദേശത്ത് കടുവയെ കണ്ടതിനെ തുടർന്ന് ഗോപാലൻ നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.
ഇതിന്റെയടിസ്ഥാനത്തിൽ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.ആർ. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും കടുവയെ കണ്ടുവെന്ന് പറയുന്ന സ്ഥലത്തും സമീപപ്രദേശത്തും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും മാൻ, കാട്ടുപന്നി എന്നിവയുടെ കാൽപാടുകൾ മാത്രമാണ് കണ്ടെത്താനായത്.
ഇതേ തുടർന്ന് തിരച്ചിൽ നിർത്തി മടങ്ങി. കഴിഞ്ഞദിവസം അണുങ്ങോടും എടത്തൊട്ടിയിലും കാഞ്ഞിരപ്പുഴയിലും കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. തുടർച്ചയായി മലയോരത്തെ വ്യത്യസ്ത സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ടാകുന്നത് ജനങ്ങളിൽ ഭീതി പടർത്തുകയാണ്.
ഉരുവച്ചാലിലും പുലി!
മട്ടന്നൂര്‍: ഉരുവച്ചാല്‍ മുണ്ടോറപൊയില് വട്ടോനിയില് പുലിയെ കണ്ടതായി പ്രദേശവാസി. വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ പുലിയോട് സാദൃശ്യമുള്ള വന്യജീവി കുറുക്കനെ ഓടിക്കുന്നതാണ് കണ്ടത്. മേഖലയില്‍ വനം വകുപ്പ് പരിശോധന നടത്തി. ഒരാഴ്ച മുമ്പ് മട്ടന്നൂര്‍ അയ്യല്ലൂരില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നഗരസഭയും വനം വകുപ്പും ചേര്‍ന്ന് നിരവധി കാമറകള്‍ സ്ഥാപിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.