ആറളം ഫാമിൽ മരം മുറിച്ച സംഭവം: കരാറുകാരനെതിരെ കേസ്
text_fieldsകേളകം: ആറളം ഫാമിൽ അനധികൃതമായി മരം മുറിച്ച് കടത്തിയ സംഭവത്തിൽ അഞ്ചാം ബ്ലോക്കിൽ പാഴ്മരങ്ങൾ മുറിക്കുന്നതിന് ടെൻഡർ എടുത്ത കരാറുകാരനെതിരെ ഫാം അധികൃതരുടെ പരാതിയിൽ ആറളം പോലീസ് കേസെടുത്തു. പാഴ് മരങ്ങൾ മുറിക്കുന്നതിന് ടെണ്ടർ എടുത്ത സ്ഥാപനം കണക്കിൽ പെടാത്ത മരങ്ങൾ മുറിച്ചതിന് ഫാം അധികൃതർ നൽകിയ പരാതിയിലാണ് ആറളം പൊലീസ് കേസെടുത്തത്.
2024 ഏപ്രിൽ 15 മുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവിലാണ് സംഭവം. ഫാം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ സംരംഭങ്ങൾ ആരംഭിച്ചു വരികയാണ്. ബ്ലോക്ക് അഞ്ചിലെ 200 ഏക്കറോളം വരുന്ന സ്ഥലത്ത് കശുമാവ് പുനർകൃഷിയുടെ ഭാഗമായാണ് മരങ്ങൾ വെട്ടിമാറ്റുന്നതിന് ടെൻഡർ നൽകിയത്. ഇതിൽ ടെൻഡറിൽ പെടാത്ത 25ഓളം ഇരൂൾ മരങ്ങൾ കരാറുകാരൻ മുറിച്ചു കടത്തി എന്നാണ് പരാതി. ബ്ലോക്ക് ഇൻചാർജ്, ഫാം സൂപ്രണ്ട് എന്നിവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതോടൊപ്പം മരംമുറി സംഭവത്തിൽ കേസെടുക്കാൻ വനംവകുപ്പും നിയമോപദേശം തേടിയിട്ടുണ്ട്.
ആറളം ഫാമിലെ അഞ്ചാം ബ്ലോക്കിൽ കണക്കിൽ പെടാത്ത മരങ്ങൾ മുറിച്ചുമാറ്റിയതിൽ വനം വകുപ്പിന് കേസെടുക്കാനുള്ള സാധ്യതയെക്കുറിച്ച് കണ്ണൂർ ഡിവിഷനാണ് നിയമോപദേശം തേടിയത്. ഇതിനായി കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രകാശന്റെ നേതൃത്വത്തിൽ കണക്കെടുപ്പ് തുടങ്ങി. മരങ്ങളുടെ കുറ്റികൾ എണ്ണി തിട്ടപ്പെടുത്തുന്ന പണികളാണ് പുരോഗമിക്കുന്നത്. വനം വകുപ്പിന്റെ സ്പെസിഫൈഡ് ഇനത്തിൽ പെട്ട മരങ്ങളാണ് മുറിച്ച ഇരൂൾ, ചടച്ചിൽ തുടങ്ങിയവ. ആറളം ഫാമിലെ മരം അനധികൃതമായി മുറിച്ച സംഭവത്തിൽ ജില്ല ഫിനാൻസ് ഓഫിസറും സംഘവും സ്ഥലം സന്ദർശിച്ചു . മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകൾ സംഘം പരിശോധിച്ചു. സംഭവത്തിൽ ഫോറസ്റ്റ്, പൊലീസ്, ഫാം പ്രതിനിധികൾ അടങ്ങുന്ന സംഘം ഒരാഴ്ചക്കുള്ളിൽ പഠന റിപ്പോർട്ട് നൽകാൻ ഫിനാൻസ് ഓഫിസർ നിർദേശിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.