അടക്കാത്തോട് വന്മരം മുറിച്ചുനീക്കി
text_fieldsകേളകം: അടക്കാത്തോട് ടൗണിൽ പ്രധാന പാതയോരത്ത് ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായ വന്മരം മുറിച്ച് നീക്കി. യാത്രക്കാർക്കും, ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായ വന്മരം മുറിച്ചുനീക്കണമെന്ന് കേളകം പഞ്ചായത്ത് അധികൃതർ പൊതുമരാമത്ത് വകുപ്പിനു നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ടൗണിലെത്തുന്നവർക്കും തൊട്ടടുത്ത സ്കൂളിലെ വിദ്യാർഥികൾക്കും ഭീഷണിയായ മരുത് ഇനത്തിൽ പെട്ട വന്മരം മുറിച്ച് മാറ്റേണ്ട ആവശ്യത ചൂണ്ടിക്കാട്ടി മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അടക്കാത്തോട്ടിലെ കുടിയേറ്റ ജനതയുടെ ഓർമപ്പുസ്തകത്തിലെ നാഴികക്കല്ല് കൂടിയായിരുന്നു നിലവിൽ മേൽഭാഗം പൊള്ളയായി തുടങ്ങിയ ഈ മുത്തശ്ശി മരുത് മരം. കുടിയേറ്റ കാലത്ത് നാട്ടുകാർ ഒത്തുകൂടിയിരുന്നത് ഈ മരച്ചുവട്ടിലായിരുന്നെന്ന് പഴമക്കാർ പറയുന്നു.
ടൗണിൽ ഭീഷണിയായ മൂന്ന് വൻമരങ്ങൾ മുറിച്ച് മാറ്റാൻ നടപടി വൈകുന്നതായി പരാതിയും ഉയർന്നിരുന്നു. അടക്കാത്തോട് ബസ് സ്റ്റാൻഡിന്റെ സമീപത്തും, സ്കൂൾ പരിസരത്തും, ടൗണിന്റെ മധ്യഭാഗത്തുമാണ് അപകട ഭീഷണിയിലായ കൂറ്റൻ മരങ്ങളുള്ളത്. ഇതിൽ മുത്തശ്ശി മരുതാണ് മുറിച്ച് നീക്കിയത്.
ബാക്കിയുള്ള രണ്ട് മരങ്ങളും വൈകാതെ മുറിച്ച് മാറ്റാൻ നടപടിയുണ്ടാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. വൈദ്യുതി വകുപ്പ് കേളകം സെക്ഷൻ അധികൃതർ ലൈനുകൾ അഴിച്ച് മാറ്റിയാണ് മരുത് മരം മുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.