ആദിവാസി പ്രതിഷേധം; ആറളം ഫാമിൽ കാട്ടാനകളെ തുരത്താനുള്ള ശ്രമം മുടങ്ങി
text_fieldsകേളകം: ആറളം ഫാമിലെ കാർഷിക മേഖലയെ കാട്ടാനകളിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ഫാം മാനേജ്മെന്റിന്റെ പരിശ്രമം മുടങ്ങി. എല്ലാ സുരക്ഷ സംവിധാനങ്ങളും ഒരുക്കി തിങ്കളാഴ്ച തുരത്തൽ ശ്രമം നടത്തുന്നതിനിടെ പുനരധിവാസ മേഖലയിൽ നിന്നും ഒരുസംഘം പ്രതിഷേധവുമായി എത്തിയതാണ് തിങ്കളാഴ്ചത്തെ ദൗത്യം നിർത്തിവെക്കാനിടയാക്കിയത്.
ആറളം ഫാമിലെ കാർഷിക മേഖലയെ കാട്ടാനകളിൽ നിന്നും സംരക്ഷിക്കാനായി നാലു കിലോമീറ്റർ വൈദ്യുതി തൂക്കുവേലി പൂർത്തിയായതിനെ തുടർന്നാണ് തിങ്കളാഴ്ച മുതൽ കൃഷിയിടത്തുനിന്നും ആനകളെ തുരത്താനായി പദ്ധതി ഇട്ടത്. ഇതിന്റെ ഭാഗമായി ഫാമിലേക്കുള്ള റോഡുകൾ അടക്കുകയും ഫാം ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിക്കുകയും മേഖലയിൽ മുൻകരുതൽ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
പൊലീസും വനം വകുപ്പും ഫാം തൊഴിലാളികളും ജീവനക്കാരും രാവിലെ തന്നെ ഫാമിലെത്തി ആനകളെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് പുനരധിവാസ മേഖലയിൽ നിന്ന് പ്രതിഷേധവുമായി ഒരു സംഘമെത്തിയത്.ഫാം കാർഷിക മേഖലയിൽ നിന്നും തുരത്തുന്ന കാട്ടാനകൾ പുനരധിവാസ മേഖലയിലെ ജനവാസ മേഖലയിലാണ് എത്തുകയെന്നും തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നതുമായിരുന്നു പ്രതിഷേധത്തിന് കാരണം.
പുനരധിവാസ മേഖലയിലേക്ക് അല്ല ആറളം വന്യജീവി സങ്കേതത്തിലേക്കാണ് ആനകളെ തുരത്തുന്നത് എന്നും ഫാം അധികൃതർ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെ ഫാം ജീവനക്കാരും തൊഴിലാളികളും ഒരു വശത്തും പുനരധിവാസ മേഖലയിൽ നിന്നുള്ള പ്രതിഷേധക്കാർ മറുവശത്തും മണിക്കൂറോളം വാക്ക് തർക്കം തുടർന്നു. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വനം വകുപ്പ് ജീവനക്കാർ കാഴ്ചക്കാരായി നിന്നു. ഇതിനിടെ കാട്ടാനയെ തുരത്താൻ പോയവരെ വനം വകുപ്പ് തിരിച്ചുവിളിച്ചു.
ചർച്ച ഇന്ന്
സമവായം ഉണ്ടാക്കിയ ശേഷം ആന തുരത്തൽ തുടരാമെന്ന് തീരുമാനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ചർച്ച നടക്കും. രാവിലെ 10ന് ഫാം ഓഫിസിൽ െവച്ച് ടി.ആർ.ഡി.എം, വനം വകുപ്പ്, രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, തൊഴിലാളി യൂനിയൻ പ്രതിനിധികൾ, ഫാം അധികൃതർ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേർന്ന് കർമപദ്ധതി തയാറാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.