ശമ്പളം ലഭിക്കുന്നില്ല; വനം വകുപ്പിലെ വാച്ചര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
text_fieldsകേളകം: വനം വകുപ്പിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മാസമാകുന്നു. മാസങ്ങളായി ശമ്പളമില്ലാതെ വനംവകുപ്പിലെ ദിവസവേതനക്കാർ ദുരിതപർവം താണ്ടുകയാണിപ്പോൾ. വാച്ചര്‍, ഡ്രൈവര്‍, ക്ലറിക്കല്‍ തസ്തികകളിലെ താൽക്കാലിക ജീവനക്കാര്‍ എന്നിവർക്ക് ആറളം വന്യജീവി സങ്കേതത്തിൽ അഞ്ച് മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല.
കണ്ണൂർ വനം ഡിവിഷനിലെ കൊട്ടിയൂർ, കണ്ണവം റേഞ്ച് പരിധിയിൽ നാല് മുതൽ എട്ട് മാസത്തെ ശമ്പളം ലഭിക്കാനുണ്ടെന്നും പ്രശ്നപരിഹാരമുണ്ടാകും വരെ ഈ മാസം 21 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) നേതാക്കളായ കെ.ടി. ജോസ്, അഡ്വ. വി. ഷാജി, കെ. മജുംദാർ തുടങ്ങിയവർ അറിയിച്ചു.
കഷ്ടപ്പെടുന്നവരില്‍ ആദിവാസികളുമുണ്ട്. വനംവകുപ്പിന്റെ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ബജറ്റ് വിഹിതത്തില്‍നിന്നാണ് ദിവസവേതനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത്. മൂവായിരത്തോളം ദിവസവേതനക്കാരാണ് സംസ്ഥാനത്തുള്ളത്. ജില്ലയിലാകട്ടെ 98 ദിവസവേതനക്കാരും. ഇതില്‍ കൊട്ടിയൂര്‍, ആറളം, മണത്തണ, കണ്ണവം എന്നീ സെക്ഷനുകളില്‍ മാത്രം 60ലധികം താൽക്കാലിക ജീവനക്കാരുണ്ട്. മാസങ്ങളായി ശമ്പളം ലഭിക്കാതായതോടെ ഇവരുടെ ജീവിതം ദുരിതത്തിലായി. വേതനം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് വർക്കേഴ്സ് യൂനിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഈ മാസം 12ന് ഇരിട്ടിയിലെ ആറളം വന്യജീവി സങ്കേതം ഓഫിസിന് മുന്നിൽ സമരം നടത്തും. 21 മുതൽ കണ്ണൂർ ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.