ഈ കാനന സേവനത്തിന് അരനൂറ്റാണ്ട്
text_fieldsകേളകം: ആറളത്തിന്റെ കാവലാളായി ലക്ഷ്മണേട്ടൻ വനപാലകർക്ക് വഴികാട്ടിയായുള്ള കാനന സേവനം അരനൂറ്റാണ്ട് പിന്നിട്ടു. കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ കുളങ്ങരേത്ത് ലക്ഷ്മണൻ ആറളം വനത്തിന്റെ കാവലാളാണ്. 55 ചതുരശ്ര കി.മീറ്റർ വിസ്തൃതിയിലുള്ള ആറളം വനത്തിന്റെ ഓരോ മുക്കിലും മൂലയിലും ഈ 70കാരൻ എത്തിയിട്ടുണ്ട്.
ആറളം വന്യജീവി സങ്കേതത്തിലെ താൽക്കാലിക വാച്ചറായ ലക്ഷ്മണന് ആരോടും പരാതികളോ പരിദേവനങ്ങളോ ഇല്ല. ഒന്നര രൂപ കൂലിക്കാരനായി വന നിരീക്ഷകനായി ആറളത്ത് വനസേവനം തുടങ്ങിയ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് ഇന്നും വന നിരീക്ഷണം നടത്തുന്നത്. മീൻമുട്ടി വെള്ളച്ചാട്ടവും ഭൂതം കല്ലും പക്ഷിപാതാളവും രാമച്ചി വെള്ളച്ചാട്ടവും കുടക് വനത്തോട് ചേർന്ന ആറളത്തിന്റെ ഗിരിശൃംഗമായ അമ്പലപ്പാറയും വരെ ഇന്നും കുതിച്ച് പായാൻ മനക്കരുത്തുള്ളത് ലക്ഷ്മണേട്ടന്റെ സംഘത്തിനാണ്. ആറളം വനം സർക്കാർ ഏറ്റെടുത്ത് വന്യ ജീവി സങ്കേതമാക്കുന്നതിന് മുമ്പ് മുതൽ ആറളം വനത്തിന്റെ തുടിപ്പുകളറിയുന്നവരിൽ അവശേഷിക്കുന്നയാൾ ഇദ്ദേഹം മാത്രമാണെന്ന് നാട്ടുകാരും ഓർക്കുന്നു. വനം വാച്ചർമാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്ത സന്ദർഭങ്ങൾ തുടരുമ്പോഴും പരാതി പറയാതെ തന്റെ കൂട്ടാളികളുമായി വനാന്തരത്തിലേക്ക് കാനന സംരക്ഷകനായി സേവനതൽപരതയോടെ ഊളിയിട്ടിറങ്ങാൻ എന്നും വെമ്പലാണ് അദ്ദേഹത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.