വയനാട് ചുരം പാതയിൽ കാത്തുനിൽപ് മാത്രം
text_fieldsകേളകം: കൊട്ടിയൂർ-വയനാട് ചുരം പാതയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപെട്ട് യാത്രക്കാർ നരകിക്കുന്നു. വിള്ളൽ വീണ് ഗർത്തമായ തലശ്ശേരി ബാവലി അന്തർ സംസ്ഥാനപാതയിൽ പേരിയ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതോടെയാണ് കൊട്ടിയൂർ-പാൽ ചുരം-ബോയ്സ് ടൗൺ ചുരം പാതയിൽ വാഹനത്തിരക്കേറിയത്. ദീർഘദൂര ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, ചെങ്കൽ ലോറികൾ ഉൾപ്പെടെ പാതയിലൂടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോയി ഇടുങ്ങിയ പാതയിൽ കുരുങ്ങുമ്പോൾ ഗതാഗത കുരുക്കഴിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം സ്ഥലത്തില്ല.
വയനാട് അതിർത്തിയിൽ തലപ്പുഴ പൊലീസിന്റെയും, കണ്ണൂർ അതിർത്തി കേളകം പൊലീസിന്റെയും പരിധിയിലാണ്. അതിർത്തിയിൽ ആര് കുരുക്കഴിക്കുമെന്ന തർക്കമാണോ പ്രദേശത്ത് പൊലീസിന്റെ സേവനം നടപ്പാക്കാത്തതെന്നാണ് കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ചോദ്യം. ഏത് വിധേനയും സ്ഥലത്ത് പൊലീസിനെ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പാൽ ചുരത്തും വയനാട് അതിർത്തിയായ ചെകുത്താൻ തോടിന് സമീപത്തും ഓരോ പൊലീസുകാരെ നിയോഗിച്ചാൽ ഗതാഗത നിയന്ത്രണമാവുകയും, വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനുമാകും. വ്യാഴാഴ്ച രാവിലെ ഏഴര മുതൽ ഒന്നര മണിക്കൂറോളം പാതയിൽ ഗതാഗത സ്തംഭനമുണ്ടായിട്ടും തടസം നീക്കാൻ അധികൃതർ ആരും എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകൾ ഇടവിട്ട് പാതയിൽ ഗതാഗത സ്തംഭനം തുടരുന്ന കാഴ്ചയാണ് ആഴ്ചകളായി തുടരുന്നത്. ജൂലൈ 30നാണ് തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്.
കനത്ത മഴയെ തുടർന്ന് തലശ്ശേരി ബാവലി റോഡിലെ വയനാട് അതിർത്തിയോട് ചേർന്നുള്ള ഭാഗത്ത് റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം ജില്ലാ ഭരണകൂടം നിരോധിച്ചതോടെ കൊട്ടിയൂർ - പാൽ ചുരം -വയനാട് പാതയിൽ വാഹനപ്രവാഹമാണ്. ഗതാഗത നിയന്ത്രണത്തിന് ഇരു ഭാഗങ്ങളിലും അടിയന്തരമായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ കേളകം, തലപ്പുഴ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് യാത്രക്കാരുടെ സംഘടനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.