കൊട്ടിയൂർ റേഞ്ച് വനം ഓഫിസിൽ വെള്ളം കയറി വ്യാപക നാശം
text_fieldsകേളകം: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ പ്രളയത്തിൽ വെള്ളം കയറി എടയാറിലെ കൊട്ടിയൂർ റേഞ്ച് വനം ഓഫിസിൽ വ്യാപക നാശനഷ്ടം. പെരുവ, ചെമ്പുക്കാവ് വനമേഖലകളിലാണ് തിങ്കളാഴ്ച അർധരാത്രി ഉരുൾപൊട്ടലുണ്ടായത്. തുടർന്ന് അർധരാത്രിയിൽ കണ്ണവം പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് എടയാറിലെ കൊട്ടിയൂർ റേഞ്ച് ഓഫിസിൽ വെള്ളം കയറി ഓഫിസ് മുറികൾക്കകത്ത് ഒന്നര മീറ്ററോളം ഉയരത്തിൽ കെട്ടിനിന്നത്. ഇതേതുടർന്ന്, ഓഫിസിലെ 95 ശതമാനം ഫയലുകൾ, രജിസ്റ്ററുകൾ, കമ്പ്യൂട്ടറുകൾ മറ്റ് ഓഫിസ് ഉപകരണങ്ങളും ചളിയും വെള്ളവും കയറി നനഞ്ഞ് ഉപയോഗ ശൂന്യമായി.
ഓഫിസ് ഫയലുകൾ സുരക്ഷിതമായി ഷെൽഫിലാണ് സൂക്ഷിച്ചിരുന്നതെങ്കിലും, ഷെൽഫിന്റെ വിടവിലൂടെ, വെള്ളം കയറിയാണ് ഫയലുകൾ നശിച്ചത്. ഓഫിസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന വിവിധ കേസുകളിൽ ഉൾപ്പെട്ട തൊണ്ടിമുതലുകളായ മരത്തടികൾ വെള്ളത്തിൽ ഒഴുകിപ്പോയി.
വാഹനങ്ങളിൽ വെള്ളവും ചളിയും കയറി നാശനഷ്ടമുണ്ടായി. ഓഫിസിനോട് ചേർന്ന് പ്രവർത്തിക്കുന്ന തോലമ്പ്ര സെക്ഷൻ ഓഫിസിൽ സ്റ്റാഫുകൾ ഉണ്ടായിരുന്നെങ്കിലും അർധരാത്രിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. ഓഫിസും പരിസരവും മുഴുവനായും ചളിനിറഞ്ഞ അവസ്ഥയിലായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യൂ പൊലീസ് അധികൃതർ പരിശോധന നടത്തി. നഷ്ടപ്പെട്ടവയുടെ വിശദമായ പരിശോധന നടത്തിവരുന്നതായി റേഞ്ച് ഓഫിസ് അധികൃതർ അറിയിച്ചു. ഓഫിസും പരിസരവും ഓഫിസ് സ്റ്റാഫും വാച്ചർമാരും ചേർന്ന് ശുചീകരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.