മലയോരത്ത് കൃഷിയിടം കൈയടക്കി കാട്ടുപന്നികളും മലാനുകളും
text_fieldsകേളകം: മലയോരമേഖലയിൽ വന്യമൃഗശല്യം തുടരുന്നു. കേളകം പഞ്ചായത്തിലെ മലനാടായ ശാന്തിഗിരിയും രാമച്ചിയും വനാതിർത്തിഗ്രാമങ്ങളാണ്. കാട്ടുപന്നി, മലാൻ, മ്ലാവ്, കാട്ടാട് തുടങ്ങിയവയുടെ ശല്യമാണ് പ്രധാനമായും ഇവിടത്തുകാർ നേരിടുന്ന പ്രശ്‌നം. മൃഗങ്ങളുടെ ശല്യത്താൽ കൃഷി ഉപേക്ഷിച്ച് വീടൊഴിഞ്ഞുപോകുന്നരുടെ എണ്ണവും പെരുകി. ഇവിടെയുള്ളവർ മറ്റു സ്ഥലങ്ങളിൽ കൂലിവേലചെയ്താണ് ഉപജീവനം നടത്തുന്നത്.
കിഴങ്ങുവർഗ വിളകൾക്ക് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായതിനെത്തുടർന്ന് റബർ കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും ഈ വിളകൾക്കും രക്ഷയില്ല. മലാൻ, കാട്ടാട് തുടങ്ങിയവ ചെടിയുടെ തോലടക്കം ഉരിഞ്ഞുതിന്നുകയും നശിപ്പിക്കുകയും ചെയ്യുന്നു. സ്വകാര്യവ്യക്തികൾ വലിയതോതിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
കാടുപിടിച്ചുകിടക്കുന്ന ഈ സ്ഥലങ്ങളാണ് കാട്ടുപന്നിയുടേയും മ്ലാവിന്റേയുമെല്ലാം വാസസ്ഥലങ്ങൾ. പ്രദേശത്തുനിന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽതന്നെ നിരവധി കുടുംബങ്ങൾ ഒഴിഞ്ഞുപോയിട്ടുണ്ട്. വാഹനസൗകര്യങ്ങളും കുറവായ ഇവിടെ എൽ.പി സ്‌കൂൾ മാത്രമാണുള്ളത്.
തുടർവിദ്യാഭാസത്തിനായി അകലെയുള്ള അടക്കാത്തോട്ടിലും കേളകവും മറ്റുമാണിവർ ആശ്രയിക്കുന്നത്. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായി പലയിടത്തും ഫെൻസിങ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാട്ടുപന്നിക്കും മലാനുമൊന്നും ഇതത്ര ഫലപ്രദമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.