കാടിറങ്ങി കാട്ടുപോത്തുകളും; വയോധികൻ കൊല്ലപ്പെട്ടത് ഭീതി വർധിപ്പിച്ചു
text_fieldsപേരാവൂര്‍: ജനവാസമേഖലകളില്‍ ആശങ്കസൃഷ്ടിച്ച് കാട്ടുപോത്തുകളും. കോളയാട് പഞ്ചായത്തിലെ കറ്റിയാട്, പെരുവ, പാലയത്തവയല്, കടലുകണ്ടം മേഖലയില്‍ കാട്ടുപോത്തിന്റെ ശല്യം കാരണം നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയ വയോധികൻ നിടുംപൊയിൽ കറ്റിയാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പ്രദേശവാസികളുടെ ഭീതി ഇരട്ടിച്ചു.
കറ്റിയാട് സ്വദേശി പുത്തലത്ത് ഗോവിന്ദനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായത്. പലരേയും കാട്ടുപോത്തുകൾ ഓടിക്കുന്നതായും നാട്ടുകാർ പറഞ്ഞു.
മാസങ്ങളായി തുടരുന്ന ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ വനം വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത് വരെ എത്തുന്ന കാട്ടുപോത്തുകളില്നിന്ന് തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്. ഇവ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് പതിവായതോടെ ചങ്ങല ഗേറ്റ് പെരുവ റോഡിലൂടെയുള്ള യാത്രതന്നെ ഭീതിയിലാണ്. സന്ധ്യയാകുന്നതോടെയാണ് ഇവ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പ് കൊട്ടിയൂർ മേഖലയിൽ കാട്ടുപോത്തുകൾ കൂട്ടമായി എത്തിയിരുന്നു. കണ്ണവം വനാതിർത്തി ഗ്രാമങ്ങളിൽ പോത്തുകളുടെ സാന്നിധ്യം പതിവാണ്. ഇത് സ്കൂൾ കുട്ടികൾക്കും ഭീഷണിയായി.
കറ്റിയാട് വയോധികനെ ആക്രമിച്ച കാട്ടുപോത്തിനെ കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത്, കണ്ണവം റേഞ്ച് ഓഫിസർ അഖിൽ നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം വനത്തിലേക്ക് തുരത്തി.
പ്രദേശത്ത് വനം വകുപ്പ് കാവൽ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.