ആറളത്ത് ആനക്കൂട്ടത്തെ മേയാൻ വിട്ട് വനപാലകർ
text_fieldsകേളകം: ഒരാഴ്ചക്കിടെ കാട്ടാനകൾ ആറളം ഫാമിലെ നിരവധി തെങ്ങുകളും റബർ മരങ്ങളും നശിപ്പിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് വട്ടം കറങ്ങുകയാണ് വനപാലകർ. കുട്ടിയാനകൾ പിറന്ന് വീഴുന്ന ആനത്തൊട്ടിലായി ആറളം ഫാം മാറിയപ്പോൾ കൂടുതൽ കാട്ടാനകൾ ആറളത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
മൂന്ന്, നാല്, ഏഴ് ബ്ലോക്കുകളിൽ കഴിഞ്ഞ ഒരാഴ്ചയായി താണ്ഡവമാടുന്ന ആനക്കൂട്ടത്തെ ഭയന്ന് ഫാം കാർഷിക തൊഴിലാളികൾക്കും തൊഴിലെടുക്കാൻ പറ്റാത്ത അവസ്ഥയായി. കഴിഞ്ഞ ഏതാനും ദിവസത്തിനിടയിൽ ഫാം ഒമ്പത്,10 ബ്ലോക്കുകളിലെ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം അമ്പതോളം തെങ്ങുകളാണ് കുത്തി വീഴ്ത്തിയത്. തെങ്ങ് മറിച്ചിട്ട് നിർമാണ പ്രവൃത്തി നടക്കുന്ന വീടിന്റെ സൺഷെയിഡും തകർത്തു. കാർഷിക ഫാമിന്റെ അധീനതയിലുള്ള ഏഴാംബ്ലോക്കിൽ ഇരുന്നൂറിലേറെ റബർ മരങ്ങളുടെ തൊലി ആനക്കൂട്ടം നശിപ്പിച്ചു.
ആനക്കൂട്ടം പുരധിവാസ മേഖലയിലെത്തി ജനജീവിതത്തിന് ഭീഷണി തീർക്കുകയാണ്. നാണി, പ്രകാശൻ, രാജു, സീത തുടങ്ങിയവരുടെ വീട്ടു പറമ്പിലെ തെങ്ങുകളാണ് വ്യാപകമായി നശിപ്പിച്ചത്.
വയനാട്ടിൽ നിന്നുള്ള കുടുംബങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി വർഷങ്ങളായി കാടുകയറി കിടക്കുകയാണ്. അവിടങ്ങളിൽ താവളമാക്കിയ ആനക്കൂട്ടമാണ് രാത്രികാലങ്ങളിൽ ജനവാസ മേഖലയിലിറങ്ങി വ്യാപക നാശമുണ്ടാക്കുന്നത്. സന്ധ്യയോടെ ആനക്കൂട്ടം വീട്ടു പറമ്പുകളിലേക്കും മുറ്റത്തും വരെ എത്തുകയാണ്. ആനകൾ വീട്ടുമുറ്റത്തെത്തിയതായി അറിഞ്ഞാൽ കതകുകൾ അടച്ച് ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് മുറിക്കുള്ളിൽ കൂടുകയാണ് ചെയ്യുകയെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ സമയത്ത് ആർ.ആർ.ടിയെ വിവരമറിയിച്ചാൽ ഇവരുടെ വാഹനമെത്തുന്നതോടെ ആനക്കൂട്ടം ഒഴിഞ്ഞു പോകുമെങ്കിലും ഇവർ മടങ്ങുന്നതോടെ വീണ്ടും ആനകൾ തിരിച്ചു വരാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.