കാട്ടാന ജീവനെടുത്തവരുടെ എണ്ണം പത്തായി; മലയോരത്ത് വനം വകുപ്പിനെതിരെ പ്രതിഷേധം കത്തുന്നു
text_fieldsകേളകം: ആറളം, കൊട്ടിയൂർ വനപരിധികളിൽ കാട്ടാനക്കൊമ്പിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ കൊട്ടിയൂർ പഞ്ചായത്തിലും ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലുമായി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ ബാബു -സിന്ധു ദമ്പതികളുടെ മകൻ ബിബിഷ് (19) ആണ് ഒടുവിലത്തെ ഇര. ഫാം തൊഴിലാളി ആറളം പന്നിമൂലയിലെ ബന്ദപ്പാലൻ ഹൗസിൽ കെ. നാരായണൻ എന്ന ബന്ദപ്പാലൻ (59)നെ കഴിഞ്ഞ ഏപ്രിലിൽ കാട്ടാന ചവിട്ടിയും കുത്തിയും കൊലപ്പെടുത്തിയിരുന്നു.
കൊട്ടിയൂർ പന്നിയാം മലയിൽ മേപ്പനാം തോട്ടത്തിൽ ആഗസ്തി, ഫാം പത്താം ബ്ലോക്കിൽ ചാപ്പിലി കൃഷ്ണൻ, കൈതകൃഷിക്കാരൻ ബിജു, 13ാം ബ്ലോക്കിൽ ദേവുവെന്ന വൃദ്ധയെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതുകൂടാതെ കാട്ടുപന്നിയുടെ കുത്തേറ്റും ഫാമിൽ ആദിവാസി വീട്ടമ്മ മരിച്ചു. ഫാമിനോട് ചേർന്ന കേളകം ചെട്ടിയാംപറമ്പിലും കൊട്ടിയൂരിലും ഒരാൾ വീതവും ഫാമിൽ രണ്ടുപേരും കാട്ടാന ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ശയ്യാവലംബരായവരും നിരവധി.
ദാരുണമരണങ്ങൾ പെരുകുമ്പോൾ വനം വകുപ്പിനെതിരെ പ്രതിഷേധം കത്തുകയാണ്. കാട്ടാനകളുടെയും മറ്റു വന്യജീവികളുടെയും ആക്രമണത്തിൽനിന്ന് ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് ജനങ്ങൾ പറയുന്നു. വനാതിർത്തികളിൽ ആന മതിൽ ഉൾപ്പെടെ പ്രതിരോധ സംവിധാനം ശക്തമാക്കണമെന്ന ആവശ്യത്തിന് പഴക്കമുണ്ട്. എന്നാൽ നടപ്പായിട്ടില്ല. കാട്ടാന ഭീതി മൂലം വനാതിർത്തി പ്രദേശത്തെ ജനങ്ങൾ
ശാന്തമായുറങ്ങിയിട്ട് വർഷങ്ങളായി. ജനവാസ കേന്ദ്രങ്ങളിൽ വട്ടമിടുന്ന കാട്ടാനകളെ തുരത്തി പ്രതിരോധ സംവിധാനങ്ങൾ ഫലവത്തായി നടപ്പാക്കുകയാണ് പരിഹാരമാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.