പാലുകാച്ചി ഒറ്റപ്ലാവിൽ കാട്ടാനശല്യം തുടരുന്നു; വിളകൾ നശിപ്പിച്ചു
text_fieldsകേളകം: കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചി ഒറ്റപ്ലാവിൽ കാട്ടാനശല്യം തുടരുന്നു. കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. മാളിയേക്കൽ ജോയിയുടെ മൂന്നര ഏക്കർ സ്ഥലത്തെ കശുമാവ് അടക്കമുള്ള കാർഷിക വിളകളാണ് നശിപ്പിച്ചത്. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ജോയിയുടെ കൃഷിയിടം സന്ദർശിച്ചു.
കുടുംബങ്ങൾ ഭീതിയിൽ
ആനയും പുലിയും കടുവയും കാട്ടുപന്നിയും ഇറങ്ങുന്ന പാലുകാച്ചി മലയടിവാരത്തെ കർഷക കുടുംബങ്ങൾ ദുരിതത്തിൽ. വന്യമൃഗങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ ജനവാസമേഖലയിലെത്തിയതോടെ മുമ്പ് നിരവധി പേർ താമസിച്ചിരുന്ന പ്രദേശത്ത് ഇപ്പോൾ വളരെ കുറച്ചുപേർ മാത്രമാണ് താമസിക്കുന്നത്. പല വീടുകളിലും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളാണുള്ളത്. ഇതിൽ പലരും 60 വയസ്സ് പിന്നിട്ടവരാണ്. സ്ത്രീകളുൾപ്പെടെയുള്ളവർ അധ്വാനിച്ചുണ്ടാക്കുന്ന കാർഷികവിളകൾ കാട്ടാനയും കാട്ടുപന്നിയും മ്ലാവും കുരങ്ങും നശിപ്പിക്കുന്നത് പതിവാണ്. കോടമഞ്ഞ് വന്നാൽ കൃഷിയിടത്തിൽ നിൽക്കുമ്പോൾ കാട്ടാനകൾ വരുന്നതുപോലും കാണാൻ പറ്റില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാട്ടാനശല്യം രൂക്ഷമായതോടെ പാലുകാച്ചി ടൂറിസം സെന്റർ താൽക്കാലികമായി അടച്ചിരിക്കുകയാണ്.
കടുവയുടെയും പുലിയുടെയും സാന്നിധ്യം മൂലം വളർത്തുമൃഗങ്ങളെ ഒന്നും വളർത്താൻ പറ്റുന്നില്ല. പ്രദേശത്തെ വീടുകളിൽനിന്ന് പലതവണ പട്ടികളെ കടുവ പിടിച്ചുകൊണ്ടുപോയി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുലിക്കൂട്ടമാണ് പശുക്കിടാവിനെ കൊന്നുതിന്നത്. മലമുകളിലെ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് പൈപ്പുകളിലൂടെയാണ്. കാട്ടാന ഇറങ്ങി പൈപ്പ് ചവിട്ടിപ്പൊട്ടിക്കുന്നത് പതിവായതോടെ വീട്ടമ്മമാരുടെ ദുരിതം ഇരട്ടിയായി.
വഴിവിളക്ക് വേണം
രാത്രി കാറ്റും മഴയും വരുമ്പോൾ എങ്ങോട്ടെങ്കിലും മാറേണ്ടിവന്നാലോ വന്യമൃഗങ്ങൾ വരുമ്പോൾ ഒരു സഹായത്തിന് ആരെയെങ്കിലും വിളിക്കാൻ പോകണമെങ്കിലോ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. വഴിവിളക്കുകൾ സ്ഥാപിക്കുകയാണെങ്കിൽ ഉപകാരമായേനെ എന്നും അവർ പറയുന്നു.
റോഡ് നവീകരിക്കണം
പാലുകാച്ചി ടൂറിസം സെന്ററിലേക്കുള്ള റോഡുകൾ നവീകരിച്ചാൽ അത് തങ്ങൾക്കും ഉപകാരപ്പെടുമെന്നും റോഡ് നന്നാക്കിയാൽ കൂടുതൽ സഞ്ചാരികളും വാഹനങ്ങളും എത്തുമെന്നും വന്യമൃഗങ്ങൾ ഇറങ്ങുന്നത് കുറയുമെന്നുമാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.