ആറളംഫാമിൽ കാട്ടാനയുടെ പരാക്രമം: വീട് തകർത്തു
text_fieldsകേളകം: ആറളം ഫാമിൽ കാട്ടാനയുടെ പരാക്രമം. ബ്ലോക്ക് ഏഴിലെ കുമാരന്റെ വീടിന്റെ ജനലും ഭിത്തിയും തകർത്തു. കാട്ടാനകൾ വിഹരിക്കുന്നതിനാൽ ആറളം ഫാമിൽ കശുവണ്ടി ശേഖരണവും മുടങ്ങി. ഫാമിന്റെ കശുവണ്ടി മേഖലകളായ 1, 2, 3, 4, 5 ബ്ലോക്കുകളിലാണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. 40തോളം ആനകൾ ഫാമിന്റെ കശുവണ്ടി തോട്ടങ്ങളിൽ ഉണ്ടെന്നാണ് ഫാം തൊഴിലാളികൾ പറയുന്നത്.
ചിലയിടങ്ങളിൽ ഒറ്റയാനാണ് ഭീഷണിയാകുന്നതെങ്കിൽ ചില ബ്ലോക്കുകളിൽ എട്ടും പത്തും പതിനഞ്ചും ആനകൾ കൂട്ടാമായാണ് എത്തുന്നത്. കാടിനുള്ളിൽ മറഞ്ഞുനില്ക്കുന്ന ആനക്കൂട്ടത്തെ അടുത്ത് എത്തിയാലേ ശ്രദ്ധയിൽപെടുന്നുള്ളൂ. കഴിഞ്ഞ വർഷം 180 ടൺ കശുവണ്ടിയാണ് ഫാമിൽ വിളഞ്ഞത്.
സമാനരീതിയിലുള്ള ഉൽപാദനം ഇക്കുറിയും പ്രതീക്ഷിച്ചിരിക്കെയാണ് കാട്ടാനഭീഷണി പ്രതിസന്ധിയുണ്ടാക്കുന്നത്. ഫാമിന്റെ കശുവണ്ടി ബ്ലോക്കുകളിൽനിന്ന് കാട്ടാനകളെ തുരത്തിയില്ലെങ്കിൽ ഇത്തവണ വിളവെടുപ്പ് സുഗമമാവില്ലെന്നും വരുമാന നഷ്ടമുണ്ടാവുമെന്നും ഫാം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.