കാട്ടാനകളിൽനിന്ന് രക്ഷയില്ല; സ്കൂൾ ചുറ്റുമതിൽ തകർത്തു
text_fieldsകേളകം: ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടം പുനരധിവാസ മേഖലയിലെ മോഡൽ െറസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് നാല് ആനകൾ മേഖലയിൽ വ്യാപക നാശം വരുത്തിയത്. ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചുറ്റുമതിൽ തകർക്കുന്നത്.
നേരത്തെ തകർത്ത മതിലിന്റെ ഭാഗം മാസങ്ങൾക്ക് മുമ്പാണ് പുനർനിർമിച്ചത്. ഈ ഭാഗം തന്നെയാണ് വീണ്ടും തകർത്തത്. വായനാട്ടിൽനിന്നുള്ള 450 കുടുംബങ്ങൾക്ക് പതിച്ചു നല്കിയ ഭൂമിയോട് ചേർന്ന ആദിവാസി പുനരധിവാസ മിഷന്റെ ഏഴ് ഏക്കറിലധികം ഭൂമിയിൽ 19 കോടിയോളം രൂപ മുടക്കിയാണ് എം.ആർ.എസിനുള്ള കെട്ടിടവും ചുറ്റുമതിലും നിർമിച്ചത്. നാലുവർഷം മുമ്പ് കെട്ടിടം പണിയും മറ്റ് സംവിധാനങ്ങൾ എല്ലാം ഒരുക്കിയിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടവും അനുബന്ധ ഭാഗങ്ങളും കാട് മൂടി കിടക്കുകയാണ്. ഇതാണ് കാട്ടാന ശല്യത്തിനും കാരണമാകുന്നത്.
വന്യമൃഗങ്ങളിൽനിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിനായി പ്രദേശത്തെ വീടുകളുടെ അതിരുകൾ ചേർത്ത് ആദിവാസി പുരധിവാസ മിഷൻ നിർമിച്ചു നൽകിയ കമ്പിവേലിയും ആനക്കൂട്ടം നശിപ്പിച്ചു. പ്രദേശത്തെ താമസക്കാരായ സുനിത, സീത എന്നിവരുടെ വീട്ടുപറമ്പിലെ കശുമാവ്, റബർ, പ്ലാവ്, മാവ്, വാഴ എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ നിന്നും ആനകളെ തുരത്താനുള്ള നടപടി സ്വീകരിക്കാത്തത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.