തൂക്കുവേലി തകർത്ത് കാട്ടാനകൾ; ആറളത്ത് വിശ്രമമില്ലാതെ വനപാലകർ
text_fieldsകേളകം: ആറളം പുനരധിവാസ കേന്ദ്രത്തിൽ ആർ.ആർ.ടി സംഘത്തിന്റെ ഓട്ടപ്പാച്ചിൽ തുടരുകയാണ്. രാത്രി വൈദ്യുതിവേലി തകർത്ത് പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ രാത്രി ഉറക്കമിളച്ച് വനത്തിലേക്കു തുരത്തുകയാണ് ആർ.ആർ.ടി സംഘം ചെയ്യുന്നത്. ആറളത്ത് വിശ്രമമില്ലാതെ വനപാലകരുടെ പരക്കംപാച്ചിൽ തുടരുമ്പോൾ തൂക്കുവേലികൾ തകർത്ത് കാട്ടാനകളും വിഹരിക്കുകയാണ്. രാത്രി ആന തകർക്കുന്ന സോളാർ വേലി പകൽ വനപാലകർക്ക് റിപ്പയർ ചെയ്യണം. പകൽ അറ്റകുറ്റപ്പണി നടത്തി ചാർജ് ചെയ്തുകഴിഞ്ഞാൽ രാത്രിയിൽ ആനകൾ വീണ്ടും വേലി തകർക്കും. ആനയും ആർ.ആർ.ടിയും തമ്മിലുള്ള ആനതുരത്തൽ-വേലി റിപ്പയർ മത്സരമായി ആറളത്തെ ആർ.ആർ.ടി സംഘത്തിന്റെ ജോലി ഇരട്ടിക്കുകയാണ്.
വനാതിർത്തിയിൽ മരങ്ങൾക്കിടിയിലൂടെ സോളാർ വേലി കടന്നുപോകുന്നതിനാൽ ആനകൾ വനാതിർത്തിയിൽ എത്തിയ ശേഷം മരങ്ങൾ വേലിക്കു മുകളിലേക്കു വീഴ്ത്തിയാണ് കാട്ടാനകൾ തകർക്കുന്നത്. രാത്രിയിൽ ആനയിറങ്ങിയാൽ ഉറപ്പായും അടുത്ത ദിവസം പകൽ വേലി റിപ്പയർ ചെയ്യേണ്ടി വരും.
വളയംചാലിൽ തകർക്കപ്പെടുന്ന സോളാർ വേലി വന്യജീവി സങ്കേതം അധികൃതർ റിപ്പയർ ചെയ്യും. പരിപ്പുതോടു മുതൽ പുളിത്തട്ടു വരെയും പുളിത്തട്ടു മുതൽ ബ്ലോക്ക് 10 വരെയും ഇവിടെ മുതൽ പൂക്കുണ്ടു വരെയും കാട്ടാന തകർക്കുന്ന വേലി റിപ്പയർ ചെയ്യേണ്ട ജോലി ആർ.ആർ.ടി സംഘത്തിനാണ്.
ഈ വഴികളിലൂടെ ജനവാസ കേന്ദ്രത്തിലെത്തുന്ന ആനകളെയും തുരത്തണം. ഇതോടെ ആറളത്തെ വനപാലകരുടെ വിശ്രമരഹിത ദൗത്യമാണ് ശ്രദ്ധേയമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.