വാളുമുക്കിൽ കാട്ടാന വിളയാട്ടം
text_fieldsകേളകം: തകർന്ന ആനമതിൽ കടന്നെത്തിയ കാട്ടാന വാളുമുക്കിലെ വീടിനുനേരെ ആക്രമണം നടത്തി. കുറുപ്പഞ്ചേരി അച്ചാമ്മയുടെ വീടിനുനേരെയാണ് പരാക്രമം നടത്തിയത്. വീടിന്റെ ജനലിനുള്ളിലൂടെ കാട്ടാന തുമ്പിക്കൈയിട്ടതോടെ വീട്ടിലുള്ളവർ ഭയന്ന് നിലവിളിച്ചു. ഞായറാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. സമീപത്തെ ചക്കിമംഗലം കുഞ്ഞച്ചന്റെ വീടിന് സമീപത്തെ കൃഷിയും നശിപ്പിച്ചു.
നിരവധി കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ട്. നെല്ലിക്കുന്നേൽ സാമുവൽ, വാടയിൽ വർഗീസ്, നെല്ലിക്കുന്നത്ത് മത്തായി, വടക്കേപ്പറമ്പിൽ സ്കറിയ, വാടയിൽ കൊച്ച്, പടിയക്കണ്ടത്തിൽ ജിജു, ചക്കിമംഗലം കുഞ്ഞച്ചൻ തുടങ്ങിയവരുടെ കൃഷികളും നശിപ്പിച്ചു. കാട്ടാനശല്യമുണ്ടായ പ്രദേശങ്ങൾ കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷിന്റെ നേതൃത്വത്തിൻ വനപാലകർ സന്ദർശിച്ചു.
തകർന്ന ആനമതിൽ ഉടൻ പുനർനിർമിക്കാൻ നടപടി സ്വീകരിച്ചതായി വനപാലകർ അറിയിച്ചു. ആനമതിൽ പുനർനിർമിക്കുംവരെ വനാതിർത്തിയിൽ വനപാലകരുടെ നിരീക്ഷണമുണ്ടാവും. തകർന്ന ആനമതിൽ ഉടൻ നിർമിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി തുടങ്ങിയവരും കാട്ടാനശല്യമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് വനം വകുപ്പ് അധികൃതരുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.