ആറളം ഫാമിൽ കാട്ടാന ബൈക്ക് തകർത്തു; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകേളകം: ആറളം ഫാമിൽ കാട്ടാനകളുടെ സംഹാരതാണ്ഡവം തുടരുന്നു. ഫാമിൽ ചെത്തുതൊഴിലാളിയുടെ ഓടിക്കൊണ്ടിരുന്ന ബൈക്ക്, പിന്നിൽനിന്നും ഓടിയെത്തി ആന ചവിട്ടിവീഴ്ത്തി. ഫാം അഞ്ചാം ബ്ലോക്കിലെ തെങ്ങുചെത്ത് തൊഴിലാളി വിളക്കോട്ടെ ആർ.പി. സിനേഷാണ് (35) ആനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ ഏഴോടെ വീട്ടിൽനിന്നും കീഴ്പ്പള്ളി-പാലപ്പുഴ റോഡുവഴി ഫാമിന്റെ അഞ്ചാം ബ്ലോക്കിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മെയിൻ റോഡിൽനിന്നും കൃഷിയിടത്തിലൂടെ കടന്നുപോകുന്ന മൺറോഡിലൂടെ ബൈക്കിൽ പോവുകയായിരുന്നു.
മൺറോഡിന്റെ ഇരുവശവും കാടുമൂടി ചെറുപാതയായി മാറിയിരുന്നു. റോഡിനോടുചേർന്ന് വളവിൽ ആനക്കുട്ടി നിൽക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെട്ടു. ബൈക്ക് നിർത്തി പിന്നോട്ടെടുക്കാൻ പറ്റാത്തതിനാൽ അവിടെ നിർത്താതെതന്നെ മുന്നോട്ടുനീങ്ങുന്നതിനിടയിൽ ചിന്നം വിളിച്ചെത്തിയ പിടിയാന ബൈക്കിനെ പിന്തുടർന്നെത്തി പിന്നിൽനിന്നും ചവിട്ടിവീഴ്ത്തി.
ചവിട്ടിന്റെ ആഘാതത്തിൽ സിനേഷ് നിയന്ത്രണം വിട്ട് കാട്ടിലേക്ക് തെറിച്ചുവീണു. ആന ബൈക്ക് തകർക്കുന്നതിനിടയിൽ കാട്ടിലേക്ക് ഉരുണ്ടുനീങ്ങി സിനേഷ് രക്ഷപ്പെടുകയായിരുന്നു. തകർത്ത ബൈക്കിനുസമീപം പത്ത് മിനിറ്റുനേരം നിലയുറപ്പിച്ച ആന, കുട്ടിക്കൊമ്പനൊപ്പം കാട്ടിലേക്ക് നീങ്ങി. വീഴ്ചയിൽ സിനേഷിന്റെ കാലിന് ചെറിയ പരിക്കേറ്റു. ആന പോയെന്ന് ഉറപ്പുവരുത്തിയശേഷം സഹപ്രവർത്തകരെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.
പുനരധിവാസ മേഖലയിൽ ആദിവാസി കുടുംബത്തിന്റെ വീട്ടുമുറ്റത്തെത്തിയ ആന വീടിനുമുന്നിലെ മൂന്ന് വൈദ്യുതിത്തൂണുകൾ കുത്തിവീഴ്ത്തി. വീടിനുസമീപത്തെ കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചു. പുനരധിവാസ മേഖല ഒമ്പതാം ബ്ലോക്കിൽ ബാലൻ- സരസ്വതി ദമ്പതികളുടെ വീട്ടുമുറ്റത്ത് പുലർച്ച രണ്ടുമണിയോടെയാണ് ആനയെത്തിയത്. വീട്ടുപറമ്പിലെയും സമീപത്തെയും വാഴ, തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു.
മേഖലയിൽ ആനശല്യം രൂക്ഷമായതോടെ പ്രദേശവാസികളും തെങ്ങുചെത്ത് തൊഴിലാളികളും ഫാം തൊഴിലാളികളും ഭീതിയോടെയാണ് കഴിയുന്നത്. 10 മാസത്തിനിടയിൽ മൂന്നുപേരെയാണ് ആറളം ഫാമിൽ കാട്ടാന കൊന്നത്. മേഖലയിൽ 50 ലധികം ആനകളുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഫാമിന്റെ കൃഷിയിടത്തിൽ വനത്തിന് സമാനമായി കാട് വളർന്നതിനാൽ ആനയുടെ മുന്നിൽപ്പെട്ടാൽപോലും അറിയാത്ത അവസ്ഥയാണ്. നേരത്തെ പുലർച്ച അഞ്ചുമണി മുതൽ തെങ്ങുചെത്താൻ വരുന്ന തൊഴിലാളികൾ ആനഭീഷണിയെ തുടർന്നാണ് രാവിലെ ഏഴുമണിക്കുശേഷം കൃഷിയിടത്തിൽ എത്താൻ തുടങ്ങിയത്. റിജേഷ് എന്ന ചെത്തുതൊഴിലാളിയെ ഈ വർഷമാദ്യം കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.