സർക്കാറിനെതിരെ ജനരോഷം കനക്കുന്നു
text_fieldsകേളകം: ആറളം ഫാമിൽ കാട്ടാനകളുടെ പിടിയിൽ നിന്നും പുനരധിവാസ കുടുംബങ്ങളെ രക്ഷിക്കാൻ കഴിയാത്ത സർക്കാറിനെതിരെ ജനരോഷം കനക്കുന്നു. ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടി കൊല്ലപ്പെട്ടതോടെ സർക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും പ്രഖ്യാപനങ്ങളെല്ലാം പാഴ് വാക്കായി മാറി.
കഴിഞ്ഞവർഷം മൂന്നു പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ ഉണ്ടായ ജനകീയ രോഷം തണുപ്പിക്കാൻ ജില്ല കലക്ടർ എസ്. ചന്ദ്രശേഖരൻ നേരിട്ടെത്തി യോഗം വിളിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട യോഗത്തിൽ ആനകളെ ഉടൻ കാട്ടിലേക്ക് തുരത്തുമെന്ന് ഉറപ്പു നൽകിയിരുന്നു.
തുരത്താൻ ശ്രമം തുടങ്ങിയെങ്കിലും വിജയിച്ചില്ല. അന്നത്തെ അതേ സാഹചര്യത്തിൽ എഴുപതോളം ആനകൾ ഇപ്പോഴും ഫാമിലുണ്ട്. വനം വകുപ്പിന്റെ ആർ.ആർ.ടി ടീമിന് പുറമേ മൂന്ന് വാഹനങ്ങൾ കൂടി പരിശോധനക്കെത്തുമെന്നും കൂടുതൽ വനപാലകരെ നിയോഗിക്കുമെന്നും പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. ഫാമിലെ കാട് വെട്ടിത്തെളിക്കുന്നതിനു നടപടി ഉണ്ടാകുമെന്നു പറഞ്ഞെങ്കിലും വാഗ്ദാനത്തിൽ ഒതുങ്ങി.
ആക്രമണകാരികളായ ആനകളെ മയക്കുവെടി വെച്ച് തളച്ച് പുനരധിവാസ മേഖലയിൽനിന്നും മാറ്റുമെന്ന് പറഞ്ഞെങ്കിലും അതും പാഴ് വാക്കായി. ഫാമിനകത്തു നെറ്റ്വർക്ക് റേഞ്ചിനായി മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ കമ്പനികളോട് ആവശ്യപ്പെടുമെന്നു പറഞ്ഞതും നടന്നില്ല.
ആനമതിൽ തന്നെ സ്ഥാപിക്കാൻ ശിപാർശ നൽകുമെന്നും താൽകാലികമായി സോളാർ വേലി സ്ഥാപിക്കാൻ ശ്രമമുണ്ടാകുമെന്നും പറഞ്ഞെങ്കിലും വീണ്ടും ഒരു സംഘമെത്തി സർവേ നടത്തിയതല്ലാതെ ആനയുടെ ആക്രമണം പ്രതിരോധിക്കുന്നതിനുള്ള ഒരു നടപടിയും ഉണ്ടായില്ല. പതിനാലാമത്തെ ആളാണ് ഇപ്പോൾ ആറളം ഫാമിൽ കൊല്ലപ്പെട്ടത്.
മൂന്നു മന്ത്രിമാർ ആറളം ഫാമിലെത്തി കർമപദ്ധതികൾ രൂപവത്കരിച്ചെങ്കിലും ഫലപ്രദമായ നടപടികളൊന്നും നടന്നില്ല. ആനവേലി നിർമിക്കുമെന്ന് മന്ത്രിമാർ പറഞ്ഞപ്പോൾ ഇതിനു വിരുദ്ധമായി വനം വിദഗ്ധ സമിതി ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് സോളാർ വേലി നിർമിച്ചാൽ മതി എന്ന ഉത്തരവ് ഉണ്ടാവുകയും ചെയ്തു.
ഇത്തരം വാഗ്ദാന ലംഘനങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുമ്പോഴും നിയമ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുകയാണിവിടെ. ആറളം ഫാമിൽ നിലവിലെ ദുരവസ്ഥക്ക് പൂർണ ഉത്തരവാദി ആറളത്ത് ആന മതിൽ നിർമാണം നടത്താത്ത സർക്കാർ ആണെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.