ആറളം ഫാം റബർ തോട്ടവും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നു; നോക്കുകുത്തിയായി വകുപ്പ്
text_fieldsകേളകം: ആറളം ഫാമിന്റെ അവശേഷിച്ച വരുമാനമാർഗമായ റബർ തോട്ടവും കാട്ടാനക്കൂട്ടം നശിപ്പിക്കുമ്പോൾ കാഴ്ചക്കാരായി വനം വകുപ്പ്. ഫാമിന്റെ വിവിധ ബ്ലോക്കുകളിൽ വിളകൾ നശിപ്പിച്ച് ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുകയാണ് കാട്ടാന കൂട്ടങ്ങൾ. പുരധിവാസ മേഖലയിൽ വീട്ടുമുറ്റത്തോളം എത്തിയ ആനക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തി.
13ാം ബ്ലോക്കിൽ അഞ്ചുകുടുംബങ്ങളുടെ വീട്ടിനു സമീപത്തെത്തിയാണ് ആനക്കൂട്ടം കൃഷികൾ നശിപ്പിച്ചത്. മേഖലയിൽ നിരവധി തെങ്ങുകൾ കുത്തി വീഴ്ത്തി. വാഴകൾക്കും കമുകിനും റബറിനും നാശം വരുത്തി. വീടിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാനകൾ വലിയ തെങ്ങുകൾ മറിച്ചിട്ടു. ബ്ലോക്ക് 13ൽ ജലീലിന്റെ കട ഭാഗത്തെ ചന്ദ്രൻ, മാധവൻ, സുജാത, ശ്രുതി, അയ്യാ എന്നിവരുടെ കൃഷി ഇടങ്ങളിലാണ് നാശം വിതച്ചത്.
ആനയെ കൂടാതെ കുരങ്ങുകളുടെ ശല്യവും വർധിച്ചു വരുകയാണെന്ന് താമസക്കാർ പറയുന്നു. ആനക്കൂട്ടം ഇറങ്ങി വിളകൾ നശിപ്പിക്കുന്നത് അറിയിച്ചിട്ടും വനപാലകർ എത്താൻ വൈകിയതാണ് ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കാൻ കാരണം എന്നാണ് പരാതി. വന്യമൃഗങ്ങളുടെ ശല്യം മൂലം ഒന്നും കൃഷിയിറക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് മേഖലയിലെ കുടുംബങ്ങൾ.
ആറളം വനത്തിൽ നിന്നാണ് ആനക്കൂട്ടം ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. വനാതിർത്തിയിലെ ആനമതിൽ ആറിടങ്ങളിൽ തകർത്തിട്ടുണ്ട്. ഇവ പുനർനിർമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. രാത്രികാലങ്ങളിൽ വനത്തിൽ നിന്നും ജനവാസ മേഖലയിൽ എത്തുന്ന ആനകൾ പുലർച്ചയോടെ വീണ്ടും വനത്തിലേക്ക് പോവുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആറളം ഫാമിൽ ആനകളുടെ പരാക്രമം റബർ മരങ്ങളോടും തുടരുകയാണ്. കടക്കെണിയിൽ മുങ്ങിനിൽക്കുന്ന ഫാമിന്റെ ഇപ്പോഴുള്ള ഏക വരുമാന മാർഗം റബറാണ്. റബർ മരങ്ങൾക്കു നേരെ തിരിഞ്ഞിരിക്കുന്ന ആനക്കൂട്ടം ടാപ്പ് ചെയ്യുന്ന റബറിന്റെ തൊലി പൊളിച്ചെടുത്ത് നശിപ്പിക്കുകയാണ്. ഇതുമൂലം റബർ പാൽ വാർന്ന് മരങ്ങൾ നശിക്കുന്ന അവസ്ഥയിലാണ്.
ഫാമിന്റെ ബ്ലോക്ക് ആറിൽ ഇത്തരത്തിൽ നിരവധി മരങ്ങളാണ് നശിപ്പിച്ചത്. ആനകളെ ഭയന്ന് ടാപ്പിങ് നടത്താൻ പറ്റാത്ത സാഹചര്യം ആണെന്നും തൊഴിലാളികൾ പറയുന്നു. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ ആറളത്ത് ആനമതിലിന്റെ നിർമാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാതെ ഇഴഞ്ഞു നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.