വന്യജീവി ശല്യം: മന്ത്രിമാരുടെ സംഘം ആറളത്തെത്തുന്നു
text_fieldsകേളകം: ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വന്യജീവികളിൽനിന്ന് മോചിപ്പിക്കാൻ സർക്കാർ ഇടപെടുന്നു. മന്ത്രിമാരായ കെ. രാധാകൃഷ്ണനും എ.കെ. ശശീന്ദ്രനും ഫെബ്രുവരി ഏഴിന് ആറളം ഫാമിലെത്തും. ഇരുവരും തിരുവനന്തപുരത്ത് വിളിച്ച യോഗത്തിലാണ് സ്ഥലം സന്ദര്‍ശിച്ച് പരിഹാരമുണ്ടാക്കാന്‍ തീരുമാനമായത്.
വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് വനം, പൊതുമരാമത്ത്, പട്ടികവര്‍ഗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതിയുടെ യോഗം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേരും.
വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് മതില്, സൗരോര്‍ജ വേലി തുടങ്ങി വിവിധ മാര്‍ഗങ്ങളുടെ പ്രായോഗികത തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ധാരണയായത്. പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് മന്ത്രി രാധാകൃഷ്ണന് വ്യക്തമാക്കി. നിരവധി മനുഷ്യ ജീവനുകള്‍ ഇതിനകം പൊലിഞ്ഞു. മനുഷ്യജീവനും കൃഷിയും സംരക്ഷിക്കാനുതകുന്ന പദ്ധതികള്‍ ആലോചിക്കണമെന്നും രാധാകൃഷ്ണന് നിര്‍ദേശിച്ചു.
ആറളത്തും സമീപ ഗ്രാമങ്ങളിലുമായി വർഷങ്ങൾക്കിടെ 11 മനുഷ്യജീവൻ കാട്ടാനപ്പിടിയിൽ ഒടുങ്ങുകയും ഒടുവിലായി കഴിഞ്ഞ ദിവസം ചെത്തുതൊഴിലാളി ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിക്കുകയും ചെയ്തതോടെ വനം വകുപ്പിനും സർക്കാറിനുമെതിരെയുണ്ടായ ജനരോഷത്തെ തുടർന്നാണ് മന്ത്രിമാരുടെ സംഘം ആറളത്തെത്തുന്നത്.വന്യജീവി ശല്യത്തിൽ നാശനഷ്ടമുണ്ടായ ഫാമിന് 19 കോടി രൂപ വനം വകുപ്പ് നഷ്ടപരിഹാരം നൽകിയില്ലെന്ന് ആറളം ഫാം മാനേജിങ് ഡയറക്ടർ ബിമൽ ഘോഷ് കഴിഞ്ഞ ദിവസം ജില്ല കലക്ടർ വിളിച്ച യോഗത്തിൽ അറിയിച്ചിരുന്നു.
സ്ഥലം സന്ദർശിച്ച എം.എൽ.എമാരായ സണ്ണി ജോസഫ്, കെ.കെ. ശൈലജ എന്നിവർ വിഷയം മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. ഫാമിലെ പ്രശ്നങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളിൽ തുടരെ വാർത്തകളും വന്നിരുന്നു. തുടർന്നാണ് പ്രശ്നപരിഹാരത്തിനായി ഫാം സന്ദർശിക്കാൻ ഉന്നതതല യോഗം വിളിച്ച് തീരുമാനിച്ചത്.
ആനമതിൽ നിർമിക്കാൻ 22 കോടിയുടെ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിയതും മലയോര ജനതയുടെ വന്യജീവി ഭീതിയും കഴിഞ്ഞ ദിവസങ്ങളിൽ 'മാധ്യമം' വാർത്തയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.