കാട്ടാന പ്രതിരോധം; ജനകീയ കൂട്ടായ്മയിൽ തൂക്കുവേലി
text_fieldsകേളകം: ജനകീയ കൂട്ടായ്മകളുടെ തൂക്കുവേലി പ്രതിരോധം ഏറ്റെടുത്ത് മലയോര വനാതിർത്തി ഗ്രാമങ്ങൾ. കണിച്ചാർ മുതൽ കീഴ്പ്പള്ളി വരെ 18 കിലോമീറ്ററോളം ദൂരത്തിൽ, കാട്ടാന പ്രതിരോധത്തിന് തൂക്കുവേലി ഉയരുകയാണ്. ജനങ്ങൾ ഒത്തുചേർന്ന് കമ്മിറ്റികൾ രൂപവത്കരിച്ച് പണം കണ്ടെത്തി നടപ്പാക്കുന്ന വൈദ്യുതി തൂക്കുവേലി (ഹാങ്ങിങ് ഫെൻസിങ്) കാട്ടാന പ്രതിരോധത്തിന്റെ ജനകീയ മാതൃകയായി മാറുകയാണ്. കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിലെ ആറളം ഫാമും ബാവലിപ്പുഴയും അതിർത്തിയായുള്ള പ്രദേശങ്ങളിലെ 230ഓളം പേരുള്ള ജനകീയ വാട്സ്ആപ് കൂട്ടായ്മയിൽനിന്നാണ് വൈദ്യുതി തൂക്കുവേലിയുടെ തുടക്കം.
മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ. മഹേഷ് തൂക്കുവേലി പരിചയപ്പെടുത്തി, നിർമാണത്തിന്റെ സാങ്കേതിക വശങ്ങൾ കൂട്ടായ്മയിൽ അവതരിപ്പിച്ചു. ജനകീയ സമാഹരണത്തിലൂടെ പണം കണ്ടെത്തി മാസങ്ങൾക്കുള്ളിൽ കണിച്ചാർ കാളികയം മുതൽ പാലപ്പുഴ ചേന്തോടുവരെ തൂക്കുവേലി ഉയർന്നു. വനംവകുപ്പ് വാച്ചർമാരടക്കമുള്ളവർ സാങ്കേതിക, നിർമാണ സഹായങ്ങളും നൽകി. ഓരോ പ്രദേശത്തെയും പണികൾക്ക് പ്രദേശത്തുള്ള ജനങ്ങൾ നേതൃത്വം നൽകി. 8.5 കി.മീ. നിർമാണം പൂർത്തിയായിട്ടിപ്പോൾ അഞ്ചുമാസമായി. കാട്ടാനകൾക്ക് വേലി മറികടന്ന് ഇക്കരെ കടക്കാനായിട്ടില്ല. വേലിയില്ലാത്ത പാലപ്പുഴ മേഖലയിൽ കാട്ടാന വൻ നാശനഷ്ടങ്ങളുണ്ടാക്കിത്തുടങ്ങിയതോടെ ഈ പ്രദേശത്തെ ജനങ്ങളും തൂക്കുവേലിയുടെ 'ശക്തി' തിരിച്ചറിഞ്ഞു.
തൂക്കുവേലിയോട് ആദ്യഘട്ടത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഇവിടത്തെ ജനങ്ങളും പാലപ്പുഴ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് 2.5 കി.മീ തൂക്കുവേലി നിർമിച്ചു. ഈ തുടർച്ച കൊക്കോട്, പെരുമ്പഴശ്ശി എന്നിവിടങ്ങൾ വരെയും നീണ്ടു. ഇവിടങ്ങളിൽ പ്രവൃത്തി പുരോഗമിക്കുന്നു. 200 പേരടങ്ങുന്ന കൊക്കോട് കൂട്ടായ്മയുടെ നേതൃത്വത്തിൽ 3.5 കിലോമീറ്ററിലും 187 പേരടങ്ങുന്ന പെരുമ്പഴശ്ശിയിൽ 1.5 കിലോമീറ്ററിലും 200 പേരുടെ പ്രയത്നത്തിൽ പാലപ്പുഴയിൽ 2.5 കിലോമീറ്ററിലും തൂക്കുവേലി നിർമാണം പുരോഗമിക്കുന്നു. ഒരു കി.മീ നിർമിക്കാനായി ഒരു ലക്ഷം രൂപയോളമാണ് ചെലവ്. തുക കണ്ടെത്താൻ പ്രതിസന്ധികളുണ്ടെങ്കിലും മുഴക്കുന്ന്, ആറളം പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയിൽ പ്രവൃത്തി പുരോഗമിക്കുകയാണ്.
വേലി ഉയർന്ന പ്രദേശങ്ങളിൽ ഒരിടത്തും കാട്ടാനക്ക് വേലി മറികടക്കാനായിട്ടില്ല. 15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് 50 മീറ്റർ ഇടവിട്ട് സ്ഥാപിക്കുന്ന തൂണുകളിൽ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന സ്പ്രിങ് കേബിളുകൾ നിശ്ചിത അകലത്തിൽ താഴേക്ക് തൂക്കിയിട്ടാണ് തൂക്കുവേലി ഒരുക്കുന്നത്. ജനകീയ കൂട്ടായ്മകളുടെ നിർമാണത്തിൽ ചെലവ് കുറക്കാനായി ഇരുമ്പുദണ്ഡുകൾക്കുപകരം മരങ്ങൾ വഴിയാണ് വൈദ്യുതി വേലി സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.