ബജറ്റ്: അർബുദരോഗികൾക്ക് ആശ്വസിക്കാം; കൂടുതൽ ചികിത്സാ സൗകര്യങ്ങളൊരുങ്ങും
text_fieldsകണ്ണൂർ: എല്ലാ ജില്ല ആശുപത്രികളിലും അർബുദ ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ജില്ലയിലെ അർബുദ രോഗികൾക്കും ആശ്വാസത്തിന് വഴിയൊരുക്കും. കോടിയേരി മലബാർ കാൻസർ സെന്ററിന് പുറമെ ജില്ല ആശുപത്രിയിലും, പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും നിലവിൽ അർബുദ ചികിത്സ കേന്ദ്രങ്ങളുണ്ട്.
പുതിയ ബജറ്റിലെ പ്രഖ്യാപനത്തോടെ ജില്ല ആശുപത്രിയിലെ ക്ലിനിക്കിൽ കൂടുതൽ സൗകര്യമൊരുങ്ങും. സംസ്ഥാനത്തെ എല്ലാ ജില്ല ആശുപത്രികളിലും പുതിയ കാൻസർ ക്ലിനിക്കുകൾ ആരംഭിക്കാൻ 574 കോടിയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയത്. ഇതിനുപുറമെ മലബാര്‍ കാന്‍സര്‍ സെന്ററിനും 28 കോടി ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ഇതെല്ലാം അർബുദ രോഗികൾക്ക് ജില്ലയിൽ മെച്ചപ്പെട്ട ചികിത്സാസൗകര്യത്തിന് വഴിയൊരുങ്ങും.
ജില്ല ആശുപത്രിയിൽ നിലവിൽ പെയ്ൻ ആൻഡ് പാലിയേറ്റിവിന്റെ കീഴിലാണ് ഓങ്കോളജി ക്ലിനിക്. എല്ലാ ദിവസവും ഒ.പി സൗകര്യമുള്ള ഇവിടെ പ്രതിദിനം ഏകദേശം 70 ഓളം പേർ ഒ.പിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. കീമോതെറപ്പി സൗകര്യമുള്ള ഇവിടെ പ്രത്യേക കാൻസർ വാർഡില്ലാത്തത് രോഗികൾക്ക് ദുരിതമാണ്.
കൂടാതെ റേഡിയേഷൻ ചികിത്സയും രോഗികൾക്ക് ലഭിക്കുന്നില്ല. സർക്കാറിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ ക്ലിനിക്കിൽ കൂടുതൽ സൗകര്യം ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എം. പ്രീത പറഞ്ഞു. തുക അനുവദിക്കുകയാണെങ്കിൽ കൂടുതൽ സൗകര്യങ്ങളോടെ പ്രത്യേക കാൻസർ വാർഡ് തുടങ്ങാനുള്ള നടപടിയുണ്ടാകുമെന്നും അവർ പറഞ്ഞു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും റേഡിയേഷൻ സൗകര്യം മുടങ്ങിയിട്ട് മാസങ്ങളായി. റേഡിയേഷൻ യന്ത്രം തകരാറിലായതാണ് കാരണം. കൂടാതെ അർബുദ രോഗികൾക്കായി പ്രത്യേക കാൻസർ വാർഡോ ഇവിടെയില്ല. സർക്കാറിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ ഈ സ്ഥിതിക്കെല്ലാം മാറ്റമുണ്ടാകുമെന്ന പ്രത്യാശയിലാണ് അർബുദ രോഗികൾ.
2025ഓടെ പുതിയ അർബുദ രോഗി ഇല്ലാതിരിക്കാനുള്ള മുൻകരുതലുകളുമായി വിപുലമായ കാമ്പയിനാണ് ജില്ലയിൽ നടക്കുന്നത്. ‘കണ്ണൂർ ഫൈറ്റ്സ് കാൻസർ’ എന്ന പേരിലാണ് പ്രത്യേക കാമ്പയിന് ഇതിനകം തുടക്കമായത്. അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിനായി ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്നാണ് കാമ്പയിൻ നടത്തുന്നത്.
കാമ്പയിനിന്റെ ഭാഗമായി രോഗികൾക്ക് സർക്കാറിന്റെ സൗജന്യചികിത്സ ലഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനായി കലക്ടർ ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും ഡി.എം.ഒ കൺവീനറുമായ കാൻസർ കൺട്രോൾ കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു.
കണ്ണൂരിനെ കൈവിടാതെ...
കണ്ണൂര്‍: വാരിക്കോരി കുറെ പദ്ധതികളും കൈയയച്ച് പണവും വകയിരുത്തിയില്ലെങ്കിലും കണ്ണൂരിനെ കൈവിടാതെ സംസ്ഥാന ബജറ്റ്. പിണറായി സർക്കാറിന്റെ ആദ്യ ബജറ്റിനെ അപേക്ഷിച്ച് ജില്ലക്ക് വലിയ നേട്ടമൊന്നുമില്ലെങ്കിലും കാര്യമായി പരിഗണിച്ചുവെന്ന് വേണം വിലയിരുത്താൻ. കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി വകയിരുത്തിയതാണ് വലിയ നേട്ടം.
പിണറായിയില്‍ പുതിയ പോളി ടെക്നിക് കോളജ് സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ അക്കാദമിക് കോംപ്ലക്സ് നിർമിക്കാന്‍ ആദ്യ ഘട്ടത്തില്‍ 10 കോടി അനുവദിച്ചതും നേട്ടമാണ്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് മട്ടന്നൂരിൽ പ്രഖ്യാപിച്ച മട്ടന്നൂർ ഐ.ടി പാർക്കിന്റെ നിർമാണം ഈ വർഷം ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. 3698 കോടി ചെലവിൽ അഴീക്കലില്‍ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ പോര്‍ട്ട് സ്ഥാപിക്കും. പദ്ധതിക്കായി 9.74 കോടി ബജറ്റിൽ വകയിരുത്തി.
⊿ മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി
⊿ ബ്രണ്ണന്‍ കോളജില്‍ അക്കാദമിക് കോംപ്ലക്സ് നിർമിക്കാന്‍10 കോടി
⊿ അഴീക്കലില്‍ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ പോര്‍ട്ട്
⊿ പെരളശ്ശേരി എ.കെ.ജി മ്യൂസിയത്തിന് ആറ് കോടി
⊿ പിണറായിയില്‍ പുതിയ പോളിടെക്നിക്
⊿ തളിപ്പറമ്പ് മണ്ഡലത്തിൽ സൂക്ഷ്മ നീര്‍ത്തട
പദ്ധതികള്‍ക്കായി മൂന്ന് കോടി
⊿ പയ്യന്നൂരിൽ ഫിഷറീസ് സർവകലാശാലയുടെ
പുതിയ കാമ്പസിന് രണ്ട് കോടി
⊿ ജില്ലയിലെ നാല് മത്സ്യബന്ധന തുറമുഖങ്ങൾക്ക് 20 കോടി
⊿ പഴശ്ശി ജലസേചന പദ്ധതിയുടെ നവീകരണത്തിന് 10 കോടി
⊿ നാടുകാണി കിന്‍ഫ്ര ടെക്സ് റ്റൈല് സെന്ററില്‍ ഡയിങ് പ്രിന്റിങ് യൂനിറ്റിന് എട്ട് കോടി
⊿ കണ്ണൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് നവീകരിക്കും
⊿ കണ്ണൂര്‍ സർവകലാശാലയില്‍ പുതുതായി തുടങ്ങുന്ന മൂന്നു പഠന വകുപ്പുകൾക്ക് ധനസഹായം
⊿ തിരുവനന്തപുരം ജി.വി രാജ, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് അപ്ഗ്രഡേഷനും മറ്റുമായി 20 കോടി
⊿ തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി
⊿ കതിരൂര്‍ പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമി ആൻഡ് മ്യൂസിയം സ്ഥാപനത്തിന് എട്ട് കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.