കളറാക്കി കണ്ണൂർ
text_fieldsകണ്ണൂർ: 23 വർഷത്തിനുശേഷം സ്വർണകപ്പ് കണ്ണൂരിലേക്ക് എത്തിച്ച കൗമാര കലാപ്രതിഭകളെ സ്വീകരിക്കാനൊരുങ്ങി ജില്ല. 20 വർഷമായി കോഴിക്കോടും പാലക്കാടും പരസ്പരം കൊണ്ടുംകൊടുത്തും കുത്തകയാക്കിവെച്ച സംസ്ഥാന സ്കൂൾ കലോത്സവ കിരീടം ഫോട്ടോഫിനിഷിലാണ് ഇത്തവണ കണ്ണൂർ സ്വന്തമാക്കിയത്.
കൊല്ലത്തുനിന്ന് നാട്ടിലേക്ക് വരുന്ന കലാപ്രതിഭകൾക്കും അധ്യാപകർക്കും വൻസ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് ജില്ല പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും.
2017ൽ ആധിധേയത്വം വഹിച്ച കണ്ണൂരിൽ വീറും വാശിക്കുമൊടുവിൽ കപ്പിനും ചുണ്ടിനുമിടയിലായിരുന്നു കണ്ണൂരിന് കലാകിരീടം നഷ്ടമായത്. അന്നു മൂന്നാംസ്ഥാനമായിരുന്നു കണ്ണൂർ നേടിയത്. കലകളുടെ പാരമ്പര്യം തുളുമ്പുന്ന കണ്ണൂരിന്റെ 23 വർഷത്തെ കാത്തിരിപ്പിനാണ് കൊല്ലത്ത് സുവർണവിരാമമിട്ടത്. കലോത്സവം ആരംഭിച്ചതുമുതൽ മുന്നേറ്റം കുറിച്ച കണ്ണൂർ ഞായറാഴ്ച രാത്രിവരെ ഒന്നാംസ്ഥാനത്ത് തന്നെയായിരുന്നു. തുടർന്ന് തിങ്കളാഴ്ച ഫോട്ടോഫിനിഷിലാണ് കിരീടം തിരിച്ചുപിടിച്ചത്.2000ൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ജില്ല അവസാനമായി കപ്പുയർത്തിയത്.
അന്ന് എറണാകുളത്തോടൊപ്പം സംയുക്ത ചാമ്പ്യന്മാരായിരുന്നു കണ്ണൂർ. അതിനു ശേഷം നിരവധി തവണ രണ്ടും മൂന്നും സ്ഥാനത്തെത്തിയെങ്കിലും ജേതാക്കളാവുകയെന്ന സ്വപ്നം യാഥാർഥ്യമായില്ല. കണ്ണൂർ അവസാനമായി കപ്പുയർത്തിയതിന് പിന്നാലെ നടന്ന, ഒന്നൊഴികെ എല്ലാ കലോത്സവത്തിലും ചാമ്പ്യന്മാരായത് കോഴിക്കോടോ പാലക്കാടോ ആണ്. 2003ൽ എറണാകുളം ചാമ്പ്യന്മാരായത് മാത്രമാണ് ഇതിനൊരപവാദം. നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച സ്വർണകപ്പ് ഇനി കണ്ണൂരിലെ ലോക്കറിൽ ഭദ്രം.
കണ്ണൂർ സ്ക്വാഡ് ഇന്ന് നാട്ടിൽ
കണ്ണൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയ കണ്ണൂർ ടീമിന് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സ്വീകരണം നല്‍കും. ഉച്ചക്ക് ശേഷം ജില്ല അതിര്‍ത്തിയില്‍ നിന്ന് സ്വര്‍ണക്കപ്പുമായി വരുന്ന സംഘത്തെ ജില്ല പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ സ്വകരിക്കും. തുറന്ന വാഹനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കിയ ശേഷം വൈകീട്ട് അഞ്ചോടെ കണ്ണൂര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനത്തോടെ സമാപിക്കും.
നാടകീയം... ഫോട്ടോഫിനിഷ്
കണ്ണൂർ: സ്വർണകപ്പിൽ മുത്തമിട്ട കണ്ണൂരിനെ വിജയത്തിലേക്ക് നയിച്ചതിനു പിന്നിലും നാടകീയത. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ അവസാന സമയത്തെ അപ്പീലിൽ ലഭിച്ച അഞ്ച് പോയന്റാണ് ഫോട്ടോ ഫിനിഷിൽ കണ്ണൂരിനെ വിജയതീരത്ത് എത്തിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു ഹൈസ്കൂൾ വിഭാഗം നാടകം മത്സരം അവസാനിച്ചത്. 20 നാടകങ്ങളായിരുന്നു അരങ്ങിലെത്തിയത്. ഇതിൽ മികച്ച മൂന്നു നാടകങ്ങളിലൊന്നായി ഇടംപിടിക്കുന്ന പ്രകടനം കാഴ്ചവെച്ചിട്ടും വിധി വന്നപ്പോൾ കടമ്പൂരിന് നോ ഗ്രേഡ്. ഇതോടെ വിദ്യാർഥികളും അധ്യാപകരും നിരാശയിലായി. ഗ്രേഡ് ലഭിക്കാത്ത നിരാശയിൽ നാട്ടിലേക്ക് തിരിക്കാനിരുന്ന വിദ്യാർഥികളോട് സ്കൂളിൽനിന്നുള്ള സമ്മർദത്തോടെയാണ് തിങ്കളാഴ്ച രാവിലെ നോ ഗ്രേഡിനെതിരെ അപ്പീൽ നൽകുന്നത്. സ്കൂൾ കലോത്സവം ആരംഭിച്ച് മൂന്നുദിനം മുന്നിട്ടുനിന്ന കണ്ണൂർ തിങ്കളാഴ്ച രണ്ടു പോയന്റുകൾക്ക് പിറകിലായിരുന്നു. കോഴിക്കോട് ജില്ല വീണ്ടും സ്വർണക്കപ്പിന്റെ തേരിലേറുമെന്ന് തോന്നിക്കുന്നിടത്തുനിന്നാണ് അവസാന ലാപ്പിൽ അപ്പീലിൽ കടമ്പൂർ സ്കൂളിന് അഞ്ച് പോയന്റ് ലഭിക്കുന്നത്. ഇതോടെ കോഴിക്കോടിനെ മൂന്നു പോയന്റിന് മറികടന്ന് കണ്ണൂർ വിജയവഴിയിൽ തിരിച്ചെത്തി. കടമ്പൂർ സ്കൂളിലെ എം.സി. ശ്രീവിന്യയും സംഘവും അവതരിപ്പിച്ച നാടകം മതരാഷ്ട്രമാക്കുന്നതിനെതിരെയുള്ള ഓർമപ്പെടുത്തൽകൂടിയായിരുന്നു.
കരുത്തേകി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്
പാനൂർ: കണ്ണൂരിന്റെ വിജയക്കുതിപ്പിന് കരുത്തേകി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ.ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ജില്ലയിലെ മികച്ച വിദ്യാലയമായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാറി. എച്ച്.എസ്.എസ് വിഭാഗത്തിൽ 12 ഇനങ്ങളിൽ 46 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പത് ഇനങ്ങളിൽ 57 കുട്ടികളുമാണ് മത്സരരംഗത്ത് മാറ്റുരച്ചത്.
ഹൈസ്കൂൾ വിഭാഗത്തിൽ വട്ടപ്പാട്ട്, ദഫ് മുട്ട്, ചവിട്ടുനാടകം, അറബിക് സംഘഗാനം, ഉർദു സംഘഗാനം, തിരുവാതിര, ഉപന്യാസം മലയാളം, ഓട്ടൻ തുള്ളൽ എന്നീ ഇനങ്ങളും ഹയർസെക്കൻഡറി വിഭാഗത്തിൽ വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, പരിചമുട്ട്, ചവിട്ടുനാടകം, സംസ്കൃതം പദ്യം, അക്ഷര ശ്ലോകം, മോണോ ആക്ട്, ട്രിപ്പിൾ ജാസ്, ഉറുദു കവിതാരചന, അറബിക് ഉപന്യാസം, സംസ്കൃതം കഥാരചന, സംസ്കൃതം പദ്യം ചൊല്ലൽ, മിമിക്രി എന്നീ ഇനങ്ങളുമാണ് മത്സരിച്ചത്.
കണ്ണൂർ പ്രൗഡ്’ ഗവർണറെ ട്രോളി സോഷ്യൽമീഡിയ
കണ്ണൂർ: സ്കൂൾ കലോത്സവത്തിലെ കൗമാരപ്രതിഭകളുടെ ചരിത്രനേട്ടത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ട്രോളിയും വിമർശിച്ചും സോഷ്യൽമീഡിയ. ഗവർണർ അടുത്തിടെ നടത്തിയ 'ബ്ലഡി കണ്ണൂർ' പരാമർശത്തെയാണ് കണക്കറ്റ് പരിഹസിച്ചത്. ഗവർണറുടെ പ്രസംഗ ശൈലിയും വാക്കുകളും എല്ലാം ട്രോളായി.
കലോത്സവ വേദിയിൽ തിളങ്ങി കസിൻസ്
പെരിങ്ങത്തൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മത്സരങ്ങളിൽ എ ഗ്രേഡ് നേടി തിളങ്ങി ചൊക്ലി കവിയൂരിലെ കസിൻ സഹോദരിമാർ. കവിയൂർ ചെങ്ങണോത്ത് മുഹമ്മദ് റഷീദിന്റെ മകൾ ഹനിയ റഷീദും സഹോദരി രിഫ്അത്ത് അഫ്റോസയുടെ മകൾ ലിബ ബനാനുമാണ് സംസ്ഥാന മത്സരത്തിൽ എ ഗ്രേഡ് നേടിയത്. ഉറുദു ഗസൽ ആലാപനത്തിൽ പ്രശസ്ത ഉറുദു കവി ഷക്കീൽ ബദായൂനി രചിച്ച് ബീഗം അക്തർ ആലപിച്ച ഗസൽ ദർബാരി രാഗത്തിൽ ആലപിച്ചാണ് ലിബ ബനാൻ സദസ്സിനെ കൈയിലെടുത്തത്.
തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ലിബ ബനാൻ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നത്. പീഡനത്തിന് ഇരയാക്കപ്പെട്ട ഒരു പെൺകുട്ടി തന്റെ ഭാവി ജീവിതത്തെക്കുറിച്ച് അമ്മയോട് ചോദിക്കുന്ന വേദനയേറിയ ചോദ്യങ്ങൾ വികാര നിർഭരമായി അവതരിപ്പിച്ചാണ് ഹനിയ റഷീദ് ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയത്. പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ലിബ ബനാൻ. അതേ സ്കൂളിലെ എട്ടാംതരം വിദ്യാർഥിനിയാണ് ഹനിയ റഷീദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.