കുട്ടി എഴുത്തുകാരെ വാർത്തെടുക്കാൻ സമഗ്രശിക്ഷ കേരളം
text_fieldsകണ്ണൂർ: കുട്ടി എഴുത്തുകാരെ വാർത്തെടുക്കാനും വിദ്യാർഥികളുടെ വൈജ്ഞാനിക വികാസം വർധിപ്പിക്കാനും ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതിയുമായി സമഗ്രശിക്ഷ കേരളം സ്കൂളുകളിലേക്ക്.
വായിക്കാനും വായിച്ചവ പരസ്പരം ചർച്ച ചെയ്യാനും കുട്ടികൾക്ക് സ്വന്തമായി സൃഷ്ടികൾ ഒരുക്കാനുമാണ് പദ്ധതി. ഇതിനായി ബി.ആർ.സി തലത്തിലും ജില്ല തലത്തിലും പരിശീലനം നൽകും. മികച്ച സൃഷ്ടികൾ പ്രസിദ്ധീകരിക്കും. പദ്ധതിയുടെ ഭാഗമായി യു.പി സ്കൂളുകൾക്ക് ആറായിരവും ഹൈസ്കൂൾ, ഹയർ സെക്കൻഡറിക്ക് 10,000 രൂപ വീതവും നൽകും. തുക അടുത്ത ദിവസം കൈമാറും. 186 ഹയർ സെക്കൻഡറി സ്കൂളുകൾക്കും 338 യു.പി സ്കൂളുകൾക്കുമായി 36 ലക്ഷം രൂപയാണ് സ്റ്റാർ പദ്ധതി വഴി അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങാം. 40 ശതമാനം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള സർക്കാർ ഏജൻസികളുടെ പുസ്തകങ്ങൾ വാങ്ങണം.
വ്യത്യസ്ത വിഭാഗത്തിലുള്ള രചനകളെ പരിചയപ്പെടാനും വായിച്ച് ചർച്ച ചെയ്യാനും ആസ്വാദനം തയാറാക്കാനും അവസരമൊരുക്കും. ഇതിനായി സ്കൂളുകളിൽ വായനക്കൂട്ടങ്ങൾ സംഘടിപ്പിക്കും. മലയാളം പാഠപുസ്തകത്തിലെ കവിതകളും കഥകളും പദ്ധതിയുടെ ഭാഗമായി ചർച്ചചെയ്യും. സ്വന്തം രചനകളുടെ അവതരണവും നടക്കും. സാഹിത്യകാരൻമാരുമായി അഭിമുഖം, പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തൽ പോലെയുള്ള സാഹിത്യപ്രവർത്തനങ്ങളും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.