വീണ്ടും കൊല: വേണം കണ്ണൂരിന് സമാധാനം
text_fieldsകണ്ണൂർ: കുറ്റിക്കകം മുനമ്പിൽ പാറപ്പള്ളിക്ക് സമീപം, യുവാവിനെ കൊന്നതാണെന്ന് തെളിഞ്ഞതോടെ കണ്ണൂരിൽ വീണ്ടുമൊരു കൊലക്കേസ്. കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായി മൂന്നുമാസത്തിനിടെ നടക്കുന്ന നാലാമത്തെ സമാനസംഭവമാണിത്. കുറ്റിക്കകം പറമ്പിൽ ഹൗസിൽ പ്രഭാകരന്റെയും കമലയുടെയും മകൻ സുമോദിനെയാണ് തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ തെങ്ങിൻതോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുറ്റിക്കകം സ്വദേശി അസീബ് അറസ്റ്റിലാവുകയും ചെയ്തു. പണമിടപാട് സംബന്ധിച്ച ശ്രമമാണ് കൊലക്ക് കാരണം. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതി ഉടൻ പിടിയിലായെങ്കിലും നഗരത്തിലും പ്രാന്തപ്രദശേങ്ങളിലുമായി കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ ജനങ്ങൾ ഭീതിയിലാണ്.
കാട്ടാമ്പള്ളി കൈരളി ബാറിലെ തർക്കത്തെതുടർന്ന് യുവാവ് കുത്തേറ്റുമരിച്ചത് രണ്ടാഴ്ച മുമ്പാണ്. ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപത്തെ ടി.പി. റിയാസാണ് മരിച്ചത്. ജൂലൈ13ന് രാത്രി ബാറിന് പുറത്തുവെച്ച് കുത്തേറ്റ റിയാസ് പിറ്റേ ദിവസം പുലർച്ച നാലോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ജൂൺ അഞ്ചിന് കണ്ണൂർ എസ്.പി ഓഫിസിന് മുൻവശത്ത് ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചിരുന്നു.
ഇതിനും രണ്ടാഴ്ച മുമ്പ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മാധ്യമപ്രവർത്തകനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. റിയാസ് വധക്കേസിലെ പ്രതി അഴീക്കോട് ചാലിൽ താമസിക്കുന്ന മൂന്നുനിരത്തിലെ ജിം നിസാം എന്ന നിസാമിനെ അഞ്ചു ദിവസത്തിന് ശേഷം അറസ്റ്റു ചെയ്തു. ലോറി ഡ്രൈവറായ കണിച്ചാര്‍ സ്വദേശി ജിന്റോ കുത്തേറ്റു മരിച്ച കേസിലെ പ്രതികൾ പിറ്റേന്നുതന്നെ പിടിയിലായി. കോഴിക്കോട്, കാസർകോട് ജില്ലക്കാരായിരുന്നു പ്രതികൾ.
പുലർച്ച മൂന്നോടെയായിരുന്നു കൊലപാതകം. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജൂൺ ഏഴിന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മരിച്ച മാധ്യമ പ്രവര്ത്തകന് ഷാജി ദാമോദരന്റെ മരണത്തിൽ ദുരൂഹത സംശയിച്ചിരുന്നു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുളള വിജനമായ സ്ഥലത്താണ് അദ്ദേഹത്തെ തലക്കുപരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആദ്യം വാഹനാപകടമാണെന്ന് സംശയിച്ചിരുന്നെങ്കിലും ശരീരത്തിലെ പരിക്ക് പരിശോധിച്ച ഡോക്ടർമാർ കൊലപാതകമാണെന്ന സൂചനയാണ് നൽകിയത്.
ലോറി ഡ്രൈവറുടെ കൊലപാതകവും എക്സിക്യുട്ടീവ് എക്സ് പ്രസിലെ തീവെപ്പിനും ശേഷം കണ്ണൂർ നഗരത്തിൽ രാത്രികാല പരിശോധനയും സുരക്ഷയും പൊലീസ് കർശനമാക്കിയിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ കാര്യങ്ങൾ പഴയപടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.