കോടിയേരി സൈബർ ഗുണ്ടകളെ ഉപയോഗിച്ച് എം.എൻ. കാരശ്ശേരിയോട് പക തീർക്കുന്നു -സംസ്കാര സാഹിതി
text_fieldsകണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സി.പി.എം സൈബർ ഗുണ്ടകളെ ഉപയോഗിച്ച് എം.എൻ. കാരശ്ശേരിയോട് പക തീർക്കുകയാണെന്ന് കെ.പി.സി.സി സംസ്കാര സാഹിതി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഇടപെട്ടിട്ടാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ മുൻ പ്രസ്താവന എം.എൻ കാരശ്ശേരി യുക്തിപൂർവം ഖണ്ഡിച്ച് പൊതുജനങ്ങളെ ചരിത്ര വസ്തുതകൾ ബോധ്യപ്പെടുത്തിയിരുന്നു. ഇതേതുടർന്നുള്ള അടങ്ങാത്ത പക തീർക്കാനാണ് ഇപ്പോൾ കെ.റെയിലിനെതിരെ രംഗത്തുവന്ന കാരശ്ശേരിയെ സൈബർ ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുന്നത്.
ജർമ്മനിയിലെ അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത കാരശ്ശേരി കേരളത്തിലെ കെ റയിലിനെ വിമർശിക്കുന്നത് യുക്തിസഹമല്ലെന്നാണ് സി.പി.എം സൈബർ ഗുണ്ടകൾ ആരോപിക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തോട് നിതാന്തമായി 'പോരാടുന്ന' സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ കേരള മുഖ്യമന്ത്രി പിണറായി അമേരിക്കയിൽ ചികിത്സ തേടുന്ന വിഷയത്തിലും ഇതേ യുക്തി ബാധകമാണോ എന്ന് സി.പി.എം വ്യക്തമാക്കണം. ക്വിറ്റ് ഇന്ത്യാ സമരത്തെ ബ്രിട്ടീഷുകാർക്ക് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ ഒറ്റുകൊടുത്തതും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലായെന്ന് എത്രയോ വർഷം ഇന്ത്യയിലെ ഇടത് വലത് കമ്മ്യൂണിസ്റ്റുകാർ പ്രചരിപ്പിച്ചതും സ്വാതന്ത്ര്യദിനത്തെ വർഷങ്ങളോളം കരിദിനമായി ആചരിച്ച നെറികെട്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെയും കാരശ്ശേരി കണക്കറ്റ് പരിഹസിച്ചിരുന്നു. ഇതിന്‍റെ ചൊരുക്കാണ് സി.പി.എം സൈബർ ഗുണ്ടകൾ കാരശ്ശേരിയോട് തീർക്കുന്നത് എന്നും സംസ്കാര സാഹിതി വിലയിരുത്തി.
കെ.പി.സി.സി സംസ്കാര സാഹിതി ജില്ല കമ്മിറ്റി യോഗത്തിൽ ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം പ്രദീപ്കുമാർ പയ്യന്നൂർ, കാരയിൽ സുകുമാരൻ, ജില്ലാ വൈസ്ചെയർമാൻന്മാരായ കെ.എൻ. ആനന്ദ് നാറാത്ത്, ഡോ. വി.എ. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.