അടുത്ത മാർച്ചോടെ കൊടുവള്ളി മേൽപാലം കടക്കാം
text_fieldsകണ്ണൂർ: തടസ്സരഹിതമായ റോഡ് ശൃംഖലക്കായി ലെവല്‍ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കൊടുവള്ളിയിൽ നിർമാണം പുരോഗമിക്കുന്ന റെയിൽവേ മേൽപാലം പ്രവൃത്തി അടുത്തവർഷം മാർച്ചോടെ പൂർത്തിയാകും. റെയിൽവേ ഗേറ്റ് അടച്ചാൽ ദേശീയപാതയിൽ തലശ്ശേരി നഗരം വരെ വ്യാപിക്കുന്ന തരത്തിലുള്ള ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. 400 മീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലും കോമ്പോസിറ്റ് സ്റ്റീൽ സ്ട്രക്ചർ ഉപയോഗിച്ചാണ് പാലം നിർമാണം. പാലത്തിന്റെ പൈൽ ക്യാപ് വരെ കോൺക്രീറ്റും ബാക്കിയുള്ള ഭാഗം സ്റ്റീലും ഉപയോഗിച്ചാണ് നിർമിക്കുന്നത്.
യാർഡിൽ നിർമിച്ച് കൊണ്ടുവന്ന് ഘടിപ്പിക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചത്.
50 പൈലുകളുടെയും പൈൽ ക്യാപ്പുകളുടെയും നിർമാണം പൂർത്തിയായി. സ്ലാബിനടിയിൽവരുന്ന ഭീമുകൾ കോൺക്രീറ്റിൽ നിർമിക്കുന്നതാണ് പതിവുരീതി. എന്നാൽ, ഇവിടെ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നിർമാണം. റെയിൽവേ സ്ലാബുകൾ ഒഴികെ മറ്റ് മുഴുവൻ നിർമാണ പ്രവൃത്തിയുടെയും ചുമതല എസ്.പി.എൽ പ്രൈവറ്റ് ലിമിറ്റഡിനാണ്. റെയിൽവേ സ്ലാബുകൾ ടൂൾ ഫാബും നിർമിക്കും.
കൊടുവള്ളി റെയില്‍വെ മേൽപാലം സാധ്യമാകുന്നതോടെ ലെവല്‍ക്രോസ് 230 അടക്കുമ്പോഴുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാവും. 19 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മേൽപാലത്തിന്റെ നിർമാണം. കൊടുവള്ളിയിൽ റെയിൽവേ മേൽപാലം വേണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
ദേശീയപാതയിൽനിന്ന് 25 മീറ്റർ അകലെയായി മമ്പറം റോഡിലാണ് റെയിൽവേ ലെവൽക്രോസ്. ഗേറ്റ് അടക്കുമ്പോൾ തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിൽനിന്ന് മമ്പറം റോഡിലേക്ക് കടക്കേണ്ട വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിനിൽക്കും. ഇതോടെ ഗതാഗതക്കുരുക്ക് തലശ്ശേരി നഗരത്തിലേക്കും നീളും.
നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ യോഗം ചേർന്ന് മേൽപാലം പ്രവൃത്തി വിലയിരുത്തി.
ഇല്ലിക്കുന്നിൽ പിണറായിയിലേക്കുള്ള ഭാഗത്ത് മണ്ണിട്ടുയർത്തി പ്രവൃത്തി പൂർത്തീകരിക്കേണ്ടതിനാൽ 15 ദിവസത്തേക്ക് യാത്രാ നിയന്ത്രണം ആവശ്യമുള്ളതായി ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ ടി.എസ്. സിന്ധു അറിയിച്ചു. ഈ പ്രവൃത്തി ഉടൻ ആരംഭിക്കും. ഡെപ്യൂട്ടി കലക്ടർ കെ.കെ. അനിൽകുമാർ, പ്രോജക്ട് എൻജിനീയർ കെ. അനീഷ്, കെ. ലക്ഷ്മിനാരായണൻ, ശോബിക് കുമാർ, ആർ.എ. അരവിന്ദ്, അശോക് ആനന്ദ്, കെ. രാജേഷ്, സെങ്കുട്ടുവൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.