സി.പി.എമ്മിൽ നിന്ന് പുറത്താക്കിയ കോമത്ത് മുരളീധരൻ സി.പി.ഐയിൽ ചേർന്നു
text_fieldsതളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി മുൻ അംഗമായിരുന്ന കോമത്ത് മുരളീധരെൻറ നേതൃത്വത്തിൽ 57 പേർ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നു. സി.പി.ഐ മണ്ഡലം ഭാരവാഹികളോടൊപ്പം തളിപ്പറമ്പിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാത്രി മുരളീധരനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. 18 പാർട്ടി മെംബർമാരുൾപ്പെടെ 57 പേരാണ് തനിക്കൊപ്പം പാർട്ടി വിട്ടതെന്ന് മുരളീധരൻ വ്യക്തമാക്കി.
ലോക്കൽ സെക്രട്ടറിയുടെ വിഭാഗീയ പ്രവർത്തനവും സാമ്പത്തിക അരാജകത്വവും സഹിക്കാവുന്നതിലും അപ്പുറമാണ്. ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. 10 വർഷം ലോക്കൽ സെക്രട്ടറിയായും 18 വർഷം ഏരിയ കമ്മിറ്റി അംഗമായും നഗരസഭ വൈസ് ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഉൾപ്പാർട്ടി ജനാധിപത്യം നിലനിൽക്കുന്ന പാർട്ടിയിൽ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിെൻറ പേരിലാണ് താൻ ചിലർക്ക് ശത്രുവായതെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കാതെ മുഖസ്തുതി പറയുന്നവർക്കു മാത്രമേ തളിപ്പറമ്പിലെ സി.പി.എമ്മിൽ സ്ഥാനമുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.
പാർത്ഥാസ് ഉടമ സാജെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെറ്റുകൾ ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വ്യക്തിവിരോധത്തിന് കാരണം. മന്ത്രിസഭയിലുള്ള ഉന്നതനെതിരെയോ തളിപ്പറമ്പിൽ നിന്നുള്ള മൂന്ന് ജില്ല കമ്മിറ്റി അംഗങ്ങൾക്കെതിരെയോ എന്തെങ്കിലും പറഞ്ഞാൽ അവരെ നശിപ്പിക്കും.
ഇവർ എന്ത് തെറ്റുചെയ്താലും ശരിയെന്ന് പറയുന്നവർക്ക് മാത്രമേ തളിപ്പറമ്പിൽ നിലനിൽപുള്ളൂ. സ്ഥാനമാനങ്ങൾ സംരക്ഷിക്കാനും ഭാര്യമാരുടെ ജോലി നിലനിർത്താനും വേണ്ടി അവരുടെ മുഖസ്തുതി പറയുന്നവരായി തളിപ്പറമ്പിലെ സി.പി.എമ്മുകാർ മാറിയെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി വി.വി. കണ്ണൻ, സി. ലക്ഷ്മണൻ, എം. മനോഹരൻ, കെ.എ. സലീം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.