ക്വാറിസൂനാമിയിൽ ഞെട്ടി വട്ടിപ്രം
text_fieldsകൂത്തുപറമ്പ്: തെങ്ങിനെക്കാൾ ഉയരത്തിലാണ് ഉഗ്രശബ്ദത്തോടെ വെള്ളവും പാറക്കൂട്ടങ്ങളും ഇരച്ചെത്തിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പേ വീടുകളിലേക്ക് കല്ലും മണ്ണും വെള്ളവും പതിച്ചു.
വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് സൂനാമി കണക്കെയാണ് വെള്ളമെത്തിയത്. മാവുള്ളകണ്ടി പറമ്പിൽ മന്ദമ്പേത്ത് ബാബുവിന്റെ ഓടിട്ട വീടിനെ ഈ പ്രവാഹം പൂർണമായും തകർത്തുകളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെയാണ് ബാബുവിന്റെ ഭാര്യ ലീലക്ക് സാരമായി പരിക്കേറ്റത്. ക്വാറിയിൽനിന്ന് 150 മീറ്റർ താഴെയുള്ള നീലാഞ്ജനത്തിൽ ടി. പ്രനീതിന്റെ കോൺക്രീറ്റ് വീടിന് മുകളിൽ പാറക്കല്ലുകളെത്തി. വീടും വാഹനങ്ങളും തകരുന്നത് നോക്കിനിൽക്കാനേ നാട്ടുകാർക്കായുള്ളൂ. ഇറങ്ങിയോടിയതിനാലാണ് കൂടുതൽ പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഞായറാഴ്ച പുലർച്ച അഞ്ചരക്കാണ് നാടിനെ നടുക്കിയ അപകടം. ഉരുൾപൊട്ടലാണെന്നാണ് ആദ്യം കരുതിയത്. 50 വർഷം പഴക്കമുള്ള ക്വാറിയിലാണ് മണ്ണിടിഞ്ഞുവീണത്. ഇതേത്തുടർന്ന് വെള്ളം 40 അടിയോളം ഉയരത്തിൽ ഉയർന്നുപൊങ്ങി സമീപത്തെ വീടുകളിലേക്ക് പതിക്കുകയായിരുന്നു.
ക്വാറിഭീതിയിൽ വട്ടിപ്രം
അപകട ഭീഷണിയെ തുടർന്ന് നാട്ടുകാർ പ്രശ്നമാക്കിയതോടെ പ്രവർത്തനം നിർത്തിയ ക്വാറിയാണ് അപകടം വിതച്ചത്. വർഷങ്ങളായി ക്വാറി ഉപയോഗിക്കാറില്ല. ഉടമസ്ഥർ ക്വാറിയിൽ കൂട് മത്സ്യകൃഷി നടത്തുന്നുണ്ട്.
പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തശേഷം ഒഴിവാക്കപ്പെട്ട നിരവധി കരിങ്കൽ ക്വാറികളാണ് വട്ടിപ്രം, വെള്ളാനപ്പൊയിൽ ഭാഗങ്ങളിലുള്ളത്. ഏക്കറുകളോളം പരന്നുകിടക്കുന്ന ക്വാറികൾ മഴക്കാലത്ത് അപകടകരമായ സാഹചര്യത്തിൽ വെള്ളം കെട്ടിനിൽക്കുന്നവയുമാണ്.
വൻ താഴ്ചയുള്ള ക്വാറികളിൽ പലതും അപകടഭീഷണി ഉയർത്തുന്ന നിലയിലാണുള്ളത്. ഏതാനും പേരുടെ ലാഭക്കൊതിയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന നിലയിൽ ക്വാറികൾ രൂപപ്പെടാൻ ഇടയാക്കിയിട്ടുള്ളത്. വർഷങ്ങളായി നാട്ടുകാർ ക്വാറിയുടെ അപകടാവസ്ഥ സംബന്ധിച്ച് അധികൃതർക്ക് നിരവധി പരാതികൾ നൽകിയിരുന്നു. ഉദ്യോഗസ്ഥർ വന്ന് അന്വേഷിക്കുന്നതിലപ്പുറം ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടയിൽ മത്സ്യവളർത്തു കേന്ദ്രങ്ങളായും ക്വാറികളെ മാറ്റിയിട്ടുണ്ട്.
അധികൃതർക്ക് പരാതികൾ നൽകാറുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസിയായ പറമ്പൻ ബാബു പറഞ്ഞു. ഞായറാഴ്ച രാവിലെ മണ്ണിടിഞ്ഞ് അപകടമുണ്ടായ ക്വാറിക്ക് സമീപത്തെ 15ഓളം കുടുംബങ്ങൾ അപകട ഭീഷണിയിലാണ്.
പറമ്പൻ മധു, പറമ്പൻ ബാബു, ആർ.കെ. ശ്രീനിവാസൻ, പാറോളി മോഹനൻ, പാറോളി സുജാത, പി.വി. കൃഷ്ണൻ നായർ ബാലകൃഷ്ണൻ, വി.പി. ഇന്ദ്രൻ, സുഹറ, അസീസ്, കരിപ്പായി അനിത, കെ.കെ. രാജീവൻ, ടി.കെ. മുജീബ് എന്നിവരുടെ വീടുകളാണ് ഇടിഞ്ഞ കരിങ്കൽ ക്വാറിക്ക് സമീപം ഉള്ളത്. മഴഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഭീതിയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.