എൽ.എസ്.ഡിയുമായി പിടിയിലായവർക്ക് 10 വർഷം കഠിനതടവും പിഴയും
text_fieldsകൂത്തുപറമ്പ്: ലഹരി മരുന്നായ എൽ.എസ്.ഡി കൈവശം വെച്ചതിന് കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്തകേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ചെമ്പിലോട് സ്വദേശികളായ ടി.സി ഹൗസിൽ ഹർഷാദ്, ചാലിൽ ഹൗസിൽ കെ.വി. ശീരാജ് എന്നിവരെയാണ് വടകര എൻ.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.
2017 ഏപ്രിൽ ഒന്നിനാണ് കണ്ണവം പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 186/ 2017 ആയി കേസ് രജിസ്റ്റർ ചെയ്തത്. മലബാറിൽ ആദ്യമായിട്ടായിരുന്നു എൽ.എസ്.ഡി കൈവശം വെച്ചതിന് കണ്ണവം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബാംഗ്ലൂരിൽ നിന്നും വാഹനത്തിൽ ഒളിച്ചു കടത്തുകയായിരുന്ന എൽ.എസ്.ഡി.
വാഹനപരിശോധനയിൽ കണ്ണവം എസ.ഐ ആയിരുന്ന കെ.വി. ഗണേശനും, സിവിൽ പോലീസ് ഓഫിസർമാരായ സുനീഷ് കുമാർ, മനീഷ്, രാഗേഷ്, രസീത എന്നിവരടങ്ങിയ സംഘമാണ് പുന്നപ്പാലത്ത് വെച്ച് മാരക ശേഷിയുള്ള ലഹരിമരുന്ന് പിടികൂടിയത്. പ്രതികളിൽ നിന്നും 14 എൽ.എസ്.ഡി സ്റ്റാമ്പും ( 0.27 ഗ്രാം ) 0.64 ഗ്രാം മെത്താം ഫിറ്റാമിനും 71200 രൂപയും പൊലീസ് കണ്ടെടുത്തു. ആറുമാസത്തോളം ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതികൾ പിന്നീട് ജാമ്യത്തിൽ തുടരുകയായിരുന്നു.
ഗുരുതര സ്വഭാവമുള്ള കേസായതിനാൽ അന്നത്തെ കൂത്തുപറമ്പ് സി.ഐ ആയിരുന്ന യു. പ്രേമൻ, ടി.വി. പ്രദീഷ് എന്നിവരാണ് അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിൽ പ്രതികൾ ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്ക് കളവ് ചെയ്തതാണെന്നും കണ്ടെത്തിയിരുന്നു.
പിടിച്ചെടുത്ത ലഹരിമരുന്നുകൾ റീജനൽ ഫോറൻസിക്ക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ എൽ.എസ്.ഡിയും, മെത്താം ഫിറ്റമിൻ ആണെന്നും തെളിഞ്ഞിരുന്നു. വടകര എൻ.ഡി.പി.എസ് സ്പെഷൽ ജഡ്ജ് വി.പി.എം സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ എ. സനൂജ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.