സ്വർണ വ്യാപാരികളെ കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
text_fieldsകൂത്തുപറമ്പ്: സ്വർണ വ്യാപാരികളെ നിർമലഗിരിയിൽവെച്ച് തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുൽപള്ളി കല്ലേരിക്കരയിലെ സുജിത്തിനെ (29)യാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടനും സംഘവും മുത്തങ്ങയിൽനിന്ന് അറസ്റ്റ് ചെയ്തത്. കുറ്റ്യാടി കേന്ദ്രീകരിച്ച് പഴയ സ്വർണം വാങ്ങി വിൽപന നടത്തുന്ന മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ സന്തോഷ് മിശ്ര, അമൽ സാഗർ എന്നിവരാണ് കവർച്ചക്കിരയായത്.
ജൂലൈ 27ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കാറിൽ വരുകയായിരുന്ന വ്യാപാരികളെ പിന്തുടർന്നെത്തിയ കവർച്ചസംഘം നിർമലഗിരി വളവിൽ എത്തിയപ്പോൾ കാർ തടഞ്ഞ് മറ്റൊരു കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഭീഷണിപ്പെടുത്തി പണം കവർന്ന ശേഷം വ്യാപാരികളെ വഴിയിൽ ഇറക്കിവിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു.
50 ലക്ഷം രൂപ കവർന്നെന്നാണ് വ്യാപാരികളുടെ പരാതി. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായാണ് വിവരം. പിടിയിലായ സുജിത്ത് നിരവധി കേസുകളിൽ പ്രതിയാണ്. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.