പൊലീസുകാരുടെ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതിയുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
text_fieldsകൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സംഘത്തെ കണ്ണവം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അധിക്ഷേപിച്ചതായി പരാതി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകി.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ സന്ദേശയാത്രക്കിടെ കണ്ണവം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനീഷ്, വനിത പൊലീസുകാരി എന്നിവർ അധിഷേപിച്ചതായാണ് പരാതി. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയാണ് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീലയുടെ നേതൃത്വത്തിലുള്ള ശുചിത്വ സന്ദേശയാത്ര കണ്ണവം സ്റ്റേഷനിലെത്തിയത്. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ യു.പി. ശോഭ, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി. ബാലൻ, വൈസ് പ്രസിഡന്റ് സിജാ രാജീവൻ, ഹരിതകേരളം റിസോഴ്സ് പേഴ്സൻമാരായ ബാലൻ വയലേരി, ആർ.പി. സുരേഷ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരായ ഇജാസ്, സാരംഗ്, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജനപ്രതിനിധികൾ തുടങ്ങിയ സംഘമാണ് സ്റ്റേഷനിൽ എത്തിയത്. ജില്ല പഞ്ചായത്ത് തയാറാക്കിയ ശുചിത്വസന്ദേശമടങ്ങിയ പോസ്റ്റർ സ്റ്റേഷനിൽ പതിച്ച ശേഷം പരിസരം നിരീക്ഷിക്കവെയാണ് സ്റ്റേഷനിൽനിന്ന് ഇറങ്ങിവന്ന പോലീസുകാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിച്ചത്. സർക്കാർതല പരിപാടിയാണെന്ന് പറഞ്ഞെങ്കിലും പിന്മാറാൻ പൊലീസുകാർ തയാറായില്ലെന്ന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ ആറ് പഞ്ചായത്തുകളിലാണ് രണ്ട് ദിവസങ്ങളിലായി ശുചിത്വ സന്ദേശയാത്ര നടത്തിയത്. സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്ന സംഘം ശുചിത്വം ഉറപ്പുവരുത്തുന്നുണ്ട്. അതോടൊപ്പം ശുചിത്വസന്ദേശമടങ്ങിയ പോസ്റ്ററുകൾ പതിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.