ബി.ജെ.പി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്
text_fieldsകൂത്തുപറമ്പ്: നരവൂരിൽ ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ചെറുവളത്ത് ഹൗസിൽ സി. വിനീഷിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
സമീപത്തെ സി.പി.ഐ പ്രവർത്തകൻ ഞള്ളിരാജന്റെ കടയുടെ മുന്നിൽ റീത്ത് വച്ച നിലയിലും കണ്ടെത്തി. വിനീഷിന്റെ വീടിന്റ ഷീറ്റ് കൊണ്ട് നിർമ്മിച്ച കാർപോർച്ചിന് കേടുപാടുകൾ പറ്റി. സമീപത്തുനിന്ന് പൊട്ടാതെ ഒരു സ്റ്റീൽ ബോംബ് കണ്ടെത്തി. ഞായറാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. വിനീഷും രാജന്റെ മകൻ ബി.ജെ.പി അനുഭാവിയായ പി. സനീഷും നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചിരുന്നു.
പടക്കം പൊട്ടിച്ചതിലുള്ള അസഹിഷ്ണുതയാണ് ബോംബേറിൽ കലാശിച്ചതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച കാലത്ത് കട തുറക്കാനെത്തിയപ്പോഴാണ് മുൻവശത്ത് പച്ചിലകൾ കൊണ്ടുള്ള റീത്ത് കാണപ്പെട്ടത്. മകനോടുള്ള വിരോധം കാരണമാകാം റീത്ത് വെച്ചതെന്നാണ് സംശയിക്കുന്നത്. കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തിനു പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.