തപാലിലൂടെ ലഹരി മരുന്ന് കടത്ത്; പ്രതി പിടിയിൽ
text_fieldsകൂത്തുപറമ്പ്: ഓൺലൈൻ വഴി കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ എത്തിച്ച വൻ ലഹരി മരുന്ന് ശേഖരം എക്സൈസ് പിടികൂടി. സംഭവത്തിൽ കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി. ശ്രീരാഗിനെ (30) എക്സൈസ് അറസ്റ്റ് ചെയ്തു. നെതർലാൻഡിലെ റോട്ടർഡാമിൽ നിന്ന് ഓൺലൈനായി എത്തിച്ച 70 എൽ.എസ്.ഡി സ്റ്റാമ്പുകളാണ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ജനീഷും പാർട്ടിയും ചേർന്നാണ് ലഹരി മരുന്ന് പിടികൂടിയത്. കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ സംശയാസ്പദമായി എത്തിയ തപാൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകൾ കണ്ടെടുക്കുകയുമായിരുന്നു.
എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് വിലാസക്കാരൻ പാറാൽ സ്വദേശി ശ്രീരാഗ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മഫ്തിയിൽ പ്രത്യേക സംഘം വീടിന് സമീപം ശ്രീരാഗിനെ പിടികൂടുകയായിരുന്നു. ഡാർക് വെബ്സൈറ്റിൽ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ കൈമാറ്റം വഴിയാണ് എൽ.എസ്.ഡി എത്തിച്ചത്.
കഞ്ചാവ് കൈവശം വെച്ചതിന് ശ്രീരാഗിന്റെ പേരിൽ മുമ്പും കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ കൈയിൽ നിന്ന് പിടികൂടിയ 70 എൽ.എസ്.ഡി സ്റ്റാമ്പുകൾ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണ്. കേവലം 100 മില്ലിഗ്രാം കൈവശം വെച്ചാൽ 10 വർഷം മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
പിടികൂടിയ സ്റ്റാമ്പുകൾക്ക് മൂന്നു ലക്ഷത്തോളം വിലമതിക്കും. പ്രിവന്റിവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, എം. സുബിൻ, സി.കെ. ശജേഷ്, എൻ.സി. വിഷ്ണു, ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.