കൂത്തുപറമ്പ് നഗരത്തിൽ വൻ തീപിടിത്തം
text_fieldsകൂത്തുപറമ്പ്: നഗരത്തിലുണ്ടായ വൻ തീപിടിത്തം ഏറെനേരം പരിഭ്രാന്തി പരത്തി. താലൂക്ക് ആശുപത്രിക്ക് സമീപത്തെ പഴയ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴ് വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടം സംഭവിച്ചു.
ഫയർഫോഴ്സെത്തി ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം വഴിമാറി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് തലശ്ശേരി റോഡിലെ പഴയ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. മൊബൈൽ ഷോപ്, ഫ്രൂട്ട്സ് സ്റ്റാൾ എന്നിവ പ്രവർത്തിക്കുന്ന കടകൾക്കാണ് ആദ്യം തീപിടിച്ചത്. പെട്ടെന്നു തന്നെ സമീപത്തെ ട്രാവൽ ഓഫിസ്, മറ്റൊരു മൊബൈൽ ഷോപ്, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങളിലേക്കും തീ പടരുകയായിരുന്നു.
ഓടുപാകിയ പഴയ മരത്തിന്റെ കെട്ടിടമായതിനാൽ തീ അതിവേഗം ആളിപ്പടർന്നു. കൂത്തുപറമ്പ് ഫയർ ഫോഴ്സിൽനിന്നും രണ്ട് യൂനിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിവരമറിയിച്ചതിനെ തുടർന്ന് പാനൂരിൽനിന്ന് ഒരു യൂനിറ്റും തലശ്ശേരിയിൽനിന്ന് രണ്ട് യൂനിറ്റും ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തി. കൂത്തുപറമ്പ് പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും സഹായത്തോടെയാണ് വ്യാപാരികൾ കടകളിലെ വസ്തുവകകൾ എടുത്തുമാറ്റിയത്.
തീപിടിത്തത്തെ തുടർന്ന് തലശ്ശേരി-കൂത്തുപറമ്പ് പാതയിൽ ഏറെനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. താലൂക്ക് ആശുപത്രി, വില്ലേജ് ഓഫിസ്, നഗരസഭ ഓഫിസ്, ഷോപ്പിങ് കോംപ്ലക്സ് എന്നിവക്ക് സമീപമുള്ള കെട്ടിടത്തിലാണ് തീപിടിത്തം. ഇത് ഏറെനേരം നഗരത്തിൽ പരിഭ്രാന്തിക്കിടയാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൻ നഷ്ടമാണ് വ്യാപാരികൾക്ക് സംഭവിച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.