ലൈസൻസ് പുതുക്കാത്ത ഹോട്ടലുകൾ പൂട്ടിച്ചു
text_fieldsകൂത്തുപറമ്പ്: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂത്തുപറമ്പ് നഗരസഭയിൽ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന കർശനമാക്കി.
ഭക്ഷ്യസുരക്ഷയുടെ ഭാഗമായാണ് നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന ശക്തമാക്കിയത്. 37 ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവയിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
ന്യൂനതകൾ പരിഹരിക്കുന്നതിനായി ഏതാനും സ്ഥാപനങ്ങൾക്ക് നഗരസഭ നോട്ടീസ് നൽകി. ലൈസൻസ് പുതുക്കാത്ത നാലോളം ഹോട്ടലുകൾ നഗരസഭാധികൃതർ പൂട്ടിച്ചു.
ഷവർമ വിൽക്കുന്ന കടകൾക്ക് അധികൃതർ പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. പരിശോധന വരുംദിവസങ്ങളിലും നടക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബാബു പറഞ്ഞു.
മഴക്കാലമായതിനാൽ ഭക്ഷ്യവസ്തുക്കളിൽനിന്ന് വിഷബാധ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനായി സാമ്പിൾ ലാബുകളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഇത് പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടികളും സ്വീകരിക്കും.
തുറന്നുവെച്ച ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക, വീടുകളിലെയും സ്ഥാപനങ്ങളിലെയും ജലസ്രോതസ്സ് ക്ലോറിനേഷൻ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നും നഗരസഭ ഹെൽത്ത് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.