കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട
text_fieldsകൂത്തുപറമ്പ്: എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 29 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തലശ്ശേരിക്കടുത്ത ചൊക്ലി ഒളവിലം സ്വദേശി വട്ടക്കണ്ടിയിൽ വി.കെ. ജാസിം (33) നെയാണ് കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ഷാജി അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ തൊക്കിലങ്ങാടിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് 29 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.
ബാംഗളൂരുവിൽനിന്നും കേരളത്തിലേക്ക് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയാണ് പിടികൂടിയത്. എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ബംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാവിലെയെത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസിൽനിന്നാണ് ഇയാളെ പിടികൂടിയത്. കൂത്തുപറമ്പ് എക്സൈസ് ഓഫിസിൽ ഇയാൾക്കെതിരെ കഴിഞ്ഞ മാസം എം.ഡി.എം.എ കൈവശം വെച്ചതിന് കേസെടുത്തിരുന്നു.
നിരവധി തവണ ഇയാൾ ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. മയക്കുമരുന്നുകൾ വ്യാപകമായി എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മയക്കുമരുന്നെത്തിക്കുന്ന കണ്ണികളിലൊരാളാണ് വലയിലായത്. പ്രതിയെ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.