കൂത്തുപറമ്പ് മേഖല അനലറ്റിക്കൽ ലാബ് പ്രവർത്തനം അവതാളത്തിൽ
text_fieldsകണ്ണൂർ: ഭക്ഷ്യഗുണനിലവാര പരിശോധന ശക്തമാക്കുന്നതിന് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പിനുകീഴിൽ കൂത്തുപറമ്പിൽ തുടങ്ങിയ റീജനൽ അനലറ്റിക്കൽ റിസർച് ലാബ് പ്രവർത്തനം അവതാളത്തിൽ. വലിയ വെളിച്ചം വ്യവസായ വികസന കേന്ദ്രത്തിനു സമീപം തുടങ്ങിയ സ്വന്തം കെട്ടിട നിർമാണം ഇഴയുകയാണ്.
രാജ്യത്തെ ആദ്യ ഫുഡ് അനലറ്റിക്കൽ റിസർച് ലാബാണ് കൂത്തുപറമ്പിലേത്. ഇവിടത്തെ പ്രവർത്തനത്തിന് കോഴിക്കോട് റീജനൽ അനലറ്റിക്കൽ ലാബിൽനിന്നാണ് ജീവനക്കാരെ താൽക്കാലികമായി വിന്യസിക്കുന്നത്. എന്നാൽ, ഇത് മലബാറിലെ ഏക ലാബായ കോഴിക്കോട് ലാബിെൻറ പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.
കണ്ണൂർ ലാബിെൻറ സുഖകരമായ പ്രവർത്തനത്തിന് പ്രധാന തസ്തികകളായ ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്, ജൂനിയർ റിസർച് ഓഫിസർ, ഡെപ്യൂട്ടി ഫുഡ് അനലിസ്റ്റ്, ഫുഡ് അനലിസ്റ്റ്, സാമ്പിൾ കലക്ടർ, 28 ക്ലറിക്കൽ തസ്തികകൾ തുടങ്ങിയവ പുതുതായി സൃഷ്ടിക്കുന്നതിനുള്ള നിർദേശം ഭക്ഷ്യസുരക്ഷ കമീഷണർ സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ, സെക്രട്ടേറിയറ്റിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിലുള്ള ഫയലിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി വൈകുകയാണ്.
2020 ഒക്ടോബർ 24നാണ് കൂത്തുപറമ്പിൽ ലാബ് പ്രവർത്തനം തുടങ്ങിയത്. ലാബിന് സ്വന്തം കെട്ടിടം നിർമിക്കുന്നതിന് വലിയ വെളിച്ചം വ്യവസായ വികസന കേന്ദ്രത്തിനുസമീപം അഞ്ചരയേക്കർ സ്ഥലവും കണ്ടെത്തി. എന്നാൽ, നിർമാണ പ്രവൃത്തി ഇഴയുകയാണ്.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ഫുഡ് അനലറ്റിക്കൽ ആൻഡ് റിസർച് ലാബ് സ്ഥാപിച്ചത്. സ്ഥാപിത ലക്ഷ്യത്തോടടുക്കാൻ പോലും ലാബിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 15 കോടി രൂപയോളം ചെലവുവരുന്ന പദ്ധതിക്ക് ആദ്യഘട്ടത്തിൽ അഞ്ചുകോടി രൂപയാണ് സർക്കാർ വകയിരുത്തിയത്.
മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രത്യേക താൽപര്യപ്രകാരം ആരംഭിച്ച ലാബിെൻറ തറക്കല്ലിടലിനു ശേഷം സ്ഥിര സംവിധാനത്തിലേക്കുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പരിമിതമായ സൗകര്യത്തിലും ജീവനക്കാരുടെ അപര്യാപ്തതയിലും കിതച്ചാണ് സ്ഥാപനം ഇപ്പോൾ വാടകക്കെട്ടിടത്തിൽ മുന്നോട്ടുപോകുന്നത്.
ഒന്നാം പിണറായി സർക്കാറിെൻറ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്ന ഈ അഭിമാന പദ്ധതിക്ക് പിന്നീട് വേണ്ടവിധത്തിലുള്ള പരിഗണന ലഭിച്ചില്ല. കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലെ ഭക്ഷ്യപരിശോധന ലക്ഷ്യമാക്കി ആരംഭിച്ച ലബോറട്ടറി ഭക്ഷ്യപരിശോധനക്ക് പ്രാപ്തമാകുംവിധം സജ്ജമാക്കേണ്ടതുണ്ട്.
ലാബ് പ്രവർത്തനത്തിന് ആവശ്യമായ ഒരു തസ്തികപോലും സൃഷ്ടിക്കാത്ത സാഹചര്യമാണ്. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ നിലവിലുള്ള താൽക്കാലിക ലാബ് പ്രവർത്തനം തീർത്തും അവതാളത്തിലാണ്.
സംസ്ഥാനത്ത് ആകെ മൂന്ന് ലാബുകൾ
കേരളത്തിൽ സർക്കാർ അധീനതയിൽ പ്രവർത്തിക്കുന്നത് മൂന്ന് ലബോറട്ടറികളാണ്. തിരുവനന്തപുരത്തെ ഗവ. അനലറ്റിക്കൽ ലബോറട്ടറി, എറണാകുളത്തെ റീജനൽ അനലറ്റിക്കൽ ലബോറട്ടറി, കോഴിക്കോട് റീജനൽ അനലറ്റിക്കൽ ലബോറട്ടറി എന്നിവയാണ് അവ.
ലക്ഷ്യം വലുത്; പക്ഷേ...
റീജനൽ അനലറ്റിക്കൽ ലാബിനെ റിസർച് ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തുകയായിരുന്നു ലക്ഷ്യം. ഇതിനായുള്ള പദ്ധതി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.
വലിയവെളിച്ചത്ത് നിർമാണം ആരംഭിച്ച ലാബിെൻറ പണി പൂർത്തിയായാലുടൻ റിസർച് സെൻറർ ആക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കെ.കെ. ശൈലജ ടീച്ചർ പറഞ്ഞിരുന്നു. എന്നാൽ, ഈ ദിശയിലേക്കുള്ള പ്രവർത്തനങ്ങൾ എങ്ങുെമത്തിയില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിദഗ്ധ പരിശോധനയിൽ ഭക്ഷ്യ വസ്തുക്കളിലെ മായം നിർണയിക്കാമെന്നതിനൊപ്പം വിഷാംശത്തിെൻറ അളവും പ്രതിവിധിയും ഉൾപ്പെടെ കണ്ടെത്താമെന്നതാണ് റിസർച് ലാബിെൻറ പ്രത്യേകത. കുപ്പിവെള്ളത്തിൽ അടങ്ങിയിട്ടുള്ള മായം കണ്ടെത്താനും സാധിക്കും.
സൗകര്യം ഇത്രമാത്രം..
ഭക്ഷ്യസുരക്ഷ ഓഫിസർമാർ സാമ്പിളുകളായി നൽകുന്ന കുടിവെള്ള സ്രോതസ്സുകളുടെ കെമിക്കൽ മാനദണ്ഡങ്ങൾ ഭാഗികമായി ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. സാമ്പിളായി കിട്ടുന്ന എല്ലാ ഭക്ഷണ പദാർഥങ്ങളുടെയും സിന്തറ്റിക് നിറം പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. ഫുഡ് ഗ്രെയിൻസ് സാമ്പിളിെൻറ യൂറിക് ആസിഡ് ഒഴികെ മറ്റെല്ലാ പരിശോധനയും നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.