മമ്പറം പാലം ഡിസംബറിൽ പൂർത്തിയാകും
text_fieldsകണ്ണൂർ: മമ്പറത്ത് പുതിയ പാലത്തിെൻറ നിര്‍മാണം ഡിസംബറിൽ പൂർത്തിയാകും. ഇതിനായുള്ള പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. ഡിസംബറിൽ പാലം പ്രവൃത്തി പൂർത്തിയാക്കി യാത്രക്കായി തുറന്നു കൊടുക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിലുള്ള പാലത്തിൽ നിന്ന് മൂന്നുമീറ്റർ മാറി 25 മീറ്റർ നീളത്തിലുള്ള നാല് സ്പാനുകളും 21 മീറ്റർ നീളത്തിൽ ഒരു ബോക്സ് കൾവർട്ടിെൻറയും പണിയാണ് പൂർത്തിയാകാനുള്ളത്. പുഴയുടെ മധ്യഭാഗത്തായിവരുന്ന പ്രധാന സ്ലാബിെൻറ നിർമാണവും പൂർത്തിയാകാനുണ്ട്. ആറു മീറ്റർ ഉയരത്തിൽ പുഴയിൽ 12 പ്രധാന തൂണുകളടക്കം 54 തൂണുകളാണ് ആകെയുള്ളത്. 45 തൂണുകളുടെ പ്രവൃത്തി പൂർത്തിയായി.13 കോടിയിലധികം രൂപയാണ് പുതിയ രൂപകൽപനയിൽ പാലത്തിെൻറ നിർമാണ ചെലവ്.
2019 അവസാനം തീരേണ്ട പണി വൈകിയാണ് പൂർത്തിയാകുന്നത്. ആദ്യമുള്ള പാലത്തിെൻറ സ്കെച്ച് മാറ്റി പുതിയ ഡിസൈൻ കിട്ടുന്നത് വൈകിയതിനാലും കഴിഞ്ഞ പ്രളയത്തിൽ, പൈലിങ്ങിനായി തെങ്ങുതടി വെള്ളത്തിൽ കുത്തി മണ്ണിട്ട് നിർമിച്ച തടം ഒലിച്ചുപോയതിനാലുമാണ് പ്രവൃത്തി വൈകിയത്. ദ്രുതഗതിയിൽ പണി നടന്നുകൊണ്ടിരിക്കെ ലോക്ഡൗൺ പ്രഖാപിക്കപ്പെട്ടതിനെ തുടർന്ന് വീണ്ടും പാതിവഴിയിൽ നിർത്തേണ്ടിവന്നു.
ലോക്ഡൗണിനെ തുടർന്ന് നിർത്തിെവച്ച നിർമാണ പ്രവൃത്തി മേയ് പകുതിയോടെയാണ് പുനരാരംഭിച്ചത്. കമ്പികൾ തുരുമ്പെടുത്തതിനാൽ തുരുമ്പ് നീക്കി ബലപ്പെടുത്തുന്ന അപ്പോക്സി കോട്ടിങ് നടത്തിയശേഷം ബീമുകൾ ഉൾപ്പെടെയുള്ളവ കോൺക്രീറ്റ് ചെയ്യുന്നതാണ് നിലവിൽ ആരംഭിച്ചത്. ലോക്ഡൗണിനെ തുടർന്ന് തൊഴിലാളികളുടെ ലഭ്യതയിൽ കുറവ് വന്നതും നിർമാണത്തെ ബാധിക്കുന്നുണ്ട്. കാലവർഷം പ്രതികൂലമായില്ലെങ്കിൽ ഡിസംബറോടെ പാലം നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
ധര്‍മടം മണ്ഡലത്തില്‍പെടുന്ന വേങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഞ്ചരക്കണ്ടി പുഴക്ക് കുറുകെ കണ്ണൂര്‍ -കൂത്തുപറമ്പ് റോഡിലാണ് മമ്പറം പാലം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. 50 വര്‍ഷത്തിലധികം കാലപ്പഴക്കമുണ്ടായിരുന്ന പാലം അപകടാവസ്ഥയിലായിരുന്നു. പുതിയ പാലം നിര്‍മിക്കാനായി ഏഴുവര്‍ഷം മുമ്പ് ടെൻഡര്‍ നടപടി ഉള്‍പ്പെടെ പൂര്‍ത്തിയായിരുന്നുവെങ്കിലും ഒരു ഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ സാങ്കേതിക പ്രശ്നവും പ്രവൃത്തി ആരംഭിക്കുന്നത് വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.