നവീകരണം പൂർത്തിയായിട്ട് ഒരുവർഷം; എന്നു തുറക്കും കൂത്തുപറമ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവ്
text_fieldsകൂത്തുപറമ്പ്: നവീകരണം പൂർത്തിയായി ഒരു വർഷത്തോളമായിട്ടും ഇൻസ്പെക്ഷൻ ബംഗ്ലാവ് തുറന്നു കൊടുക്കാത്തതിനെ തുടർന്ന് സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം. പൊതുമരാമത്ത് വകുപ്പിന് കീഴിൽ നഗരസഭ ഓഫിസിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവാണ് 1.07 കോടി ചെലവിൽ നവീകരിച്ചത്.
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച രണ്ട് കിടപ്പ് മുറികളുള്ള പഴയ ഐബി കെട്ടിടം നവീകരിച്ചും, തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ ഒരുനില കൂടി പണിതുമാണ് ഐ.ബി മുഖം മിനുക്കിയത്.
എന്നാൽ, നവീകരണം പൂർത്തിയായിട്ട് ഒരു വർഷത്തോളമായെങ്കിലും കെട്ടിടം ഇനിയും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായിട്ടില്ല. ഉദ്ഘാടനം നീണ്ടുപോകുന്നതാണ് ആളുകളെ ഐ.ബിയിൽ നിന്നും അകറ്റുന്നത്. ശീതീകരിച്ച കിടപ്പ് മുറികളും മീറ്റിങ് ഹാളും ഉൾപ്പെടെ 10 മുറികളാണ് കെട്ടിട്ടത്തിലുള്ളത്.
ചെറിയ നിരക്കിൽ മുറികൾ ലഭിക്കുമെന്നതിനാൽ സാധാരണക്കാർ ഉൾപ്പെടെ നിരവധി ആളുകളാണ് കൂത്തുപറമ്പ് സർക്കാർ ഗസ്റ്റ് ഹൗസിനെ സമീപിക്കുന്നത്. മുറികൾ വാടകക്ക് കൊടുക്കാത്തതിനാൽ വലിയ തുകയാണ് സർക്കാർ ഖജനാവിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
മുറ്റത്ത് ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തിയും ചെടികൾ വെച്ച് പിടിപ്പിച്ച് സൗന്ദര്യവത്കരണവുമാണ് ബാക്കിയുള്ളത്. ഇത് നിലവിലെ എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നില്ല ഇതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമായി അധികൃതർ പറയുന്ന ന്യായം. അതേസമയം രണ്ടു പേർ ഐ.ബിയിൽ ജീവനക്കാരായുണ്ട്.
താമസത്തിനായി പലപ്പോഴും ആളുകൾ എത്തുന്നുണ്ടെങ്കിലും മുറി ലഭിക്കാത്തതിനെത്തുടർന്ന് തിരിച്ചുപോകുന്ന അവസ്ഥയാണ് ഉള്ളത്. നിർമാണം പൂർത്തിയായ ഐ.ബി കെട്ടിടം എത്രയും വേഗം തുറന്നു കൊടുക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.