പവിത്രൻ വധം: പ്രതികളെ തൊടീക്കളത്ത് എത്തിച്ച് തെളിവെടുത്തു
text_fieldsകൂത്തുപറമ്പ്: സി.പി.എം പ്രവർത്തകൻ കണ്ണവം തൊടീക്കളത്തെ ഗണപതിയാടൻ പവിത്രൻ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും തൊടീക്കളത്ത് എത്തിച്ച് തെളിവെടുത്തു. ആർ.എസ്.എസ് പ്രവർത്തകരായ തലശ്ശേരി മണ്ണയാട്ടെ ഇടത്തിലമ്പലം ജസിത നിവാസിൽ എൻ.പി. റജുൽ (43), കതിരൂർ ചെങ്ങളത്തിൽ പ്രശാന്ത് (40), മൂന്നാംമൈൽ സ്വദേശി കൂറമ്പി വീട്ടിൽ കെ.കെ. മഹേഷ് എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
പവിത്രൻ കൊല്ലപ്പെട്ട് 14 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ച് തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പവിത്രനെ 2009 മാർച്ച് 27ന് രാവിലെ പത്രവിതരണത്തിനിടെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി ആറ് പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം നൽകി വിചാരണ ആരംഭിച്ചിരുന്നു. ഇതിനിടെ കേസിലെ മറ്റൊരു പ്രതിയുടെ തുറന്നു പറച്ചിലാണ് കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിച്ചത്. ഇതോടെ സെഷൻസ് കോടതിയിൽ വിചാരണ നിർത്തിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ കുപ്പി സുബീഷ് ഏഴും റിജുൽ ഒമ്പതും പ്രശാന്ത് പത്തും കെ.കെ. മഹേഷ് 12ഉം പ്രതികളാണ്. റിജുലിനെ കഴിഞ്ഞദിവസമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കതിരൂരിലെ പാറക്കണ്ടി പവിത്രൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രശാന്ത്, മഹേഷ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയാണ് തുടർനടപടി സ്വീകരിച്ചത്. തെളിവെടുപ്പിന് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.