മത്സ്യകൃഷിക്ക് വഴിമാറി കരിങ്കൽ ക്വാറികൾ
text_fieldsകൂത്തുപറമ്പ്: വേങ്ങാട്, വട്ടിപ്രം മേഖലയിൽ ഒഴിഞ്ഞ കരിങ്കൽ ക്വാറികളിൽ കൂട് മത്സ്യകൃഷി വ്യാപകമാവുന്നു. ഫിഷറീസ് വകുപ്പിെൻറ സഹായത്തോടെയാണ് മത്സ്യകൃഷി വ്യാപിപ്പിക്കുന്നത്. 40ഒാളം കരിങ്കൽ ക്വാറികൾ വട്ടിപ്രം മേഖലയിൽ ഒഴിവാക്കിയ നിലയിലുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ പലതും രണ്ടേക്കർ വരെ വിസ്താരമുള്ളതും 40 മീറ്റർ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലിൽപ്പോലും നിറയെ ജലസമൃദ്ധിയുള്ളവയാണ് കരിങ്കൽ ക്വാറികളിലേറെയും. ഇതാണ് മത്സ്യകൃഷി ആരംഭിക്കാൻ കർഷകർക്ക് പ്രേരണയായിട്ടുള്ളത്. വട്ടിപ്രം മേഖലയിലെ പത്തോളം കരിങ്കൽ ക്വാറികളിലാണ് ഇതിനകം മത്സ്യകൃഷി ആരംഭിച്ചിട്ടുള്ളത്.
കരിമീൻ, തിലോപ്പി തുടങ്ങിയ മികച്ച ഇനങ്ങളാണ് കൃഷി ഇറക്കുന്നത്. ശുദ്ധജലകൃഷിയായതിനാൽ നല്ല വിളവാണ് ലഭിക്കുന്നതെന്ന് കരിങ്കൽ ക്വാറിയിൽ മത്സ്യകൃഷി ഇറക്കി വിജയിച്ച വേങ്ങാട്ടെ കൂർമ ജയരാജൻ പറഞ്ഞു. പ്രത്യേക കൂടുകൾ തയാറാക്കിയാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ഒരു കൂട്ടിൽ 2000 മത്സ്യങ്ങളെ വരെയാണ് വളർത്തുന്നത്.മികച്ച പരിചരണത്തിലൂടെ അഞ്ചുമാസം കൊണ്ടുതന്നെ വിളവെടുപ്പിന് പാകമാകും. വെള്ളത്തിലെ ഓക്സിജെൻറ അളവ് ക്രമപ്പെടുത്തുന്നതിന് എയറേറ്ററും കൂടുകളിൽ സ്ഥാപിക്കുന്നുണ്ട്. മായം കലർന്ന മത്സ്യശേഖരം വിപണി കീഴടക്കുമ്പോൾ അവക്കെതിരെ ബദൽ മാർഗമൊരുക്കുകയാണ് വേങ്ങാട്, വട്ടിപ്രം മേഖലയിലെ കരിങ്കൽ ക്വാറികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.