കുരുതിക്കളമാകുന്ന റോഡുകളും മിഴിയടക്കുന്ന കാമറകളും
text_fieldsകൂത്തുപറമ്പ്: റോഡപകടങ്ങൾ വർധിക്കുമ്പോഴും മിഴിയടച്ചിരിക്കുകയാണ് പല സി.സി.ടി.വി കാമറകളും. കൂത്തുപറമ്പിനടുത്ത മെരുവമ്പായിയിൽ രണ്ടുപേർ മരിക്കാനിടയായ അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി കാമറകൾ ഉണ്ടായിരുന്നെങ്കിലും മിഴിയടച്ച നിലയിലായിരുന്നു.
റോഡിലെ വാഹനാപകടങ്ങൾ കുറക്കുന്നതിനും അപകടത്തിനിടയാക്കുന്ന സാഹചര്യം നേരിൽ കാണുന്നതിനുമാണ് കെ.എസ്.ടി.പി റോഡിലുടനീളം പൊലീസിന്റെ നേതൃത്വത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. അമിത വേഗം, ഗതാഗത നിയമലംഘനങ്ങൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നതിനാണ് ഇവ.
ഇതിലൂടെ ഒരു പരിധി വരെഅപകടങ്ങൾ കുറച്ചു കൊണ്ടുവരാൻ സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ, പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള കാമറകൾ ഇതിനകം പ്രവർത്തനരഹിതമായ നിലയിലാണുള്ളത്. മെരുവമ്പായിയിൽ വെള്ളിയാഴ്ച രാവിലെ അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി കാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തന രഹിതമായിരുന്നു. ഇതിലൂടെ അപകടത്തിന്റെ യഥാർഥ ചിത്രം ഇപ്പോഴും അവ്യക്തമാണ്.
മുമ്പും നിരവധി അപകടങ്ങൾ നടന്ന ഒരു മേഖല കൂടിയായിരുന്നു മെരുവമ്പായി. എന്നിട്ടും കാമറകളുടെ പ്രവർത്തനം നിശ്ചലമായി നാളുകളേറെ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല. അതോടൊപ്പം കൂത്തുപറമ്പിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ച കാമറകളിൽ പലതും പ്രവർത്തനരഹിതവുമാണ്.
എ.ഐ കാമറകൾ അടക്കമുള്ള അതിനൂതനമായ സാങ്കേതിക വിദ്യകളുള്ള കാമറകൾ സ്ഥാപിക്കുമ്പോഴും നിലവിലുള്ളവ അറ്റകുറ്റപ്പണികൾ നടത്താത്ത അധികൃതരുടെ നിസ്സംഗതക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.