കണ്ണവം എസ്.ഐയെ ആക്രമിച്ച സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന്
text_fieldsകൂത്തുപറമ്പ്: കണ്ണവം ഗ്രേഡ് എസ്.ഐയെ ചിറ്റാരിപ്പറമ്പ് കോട്ടയിൽ ആക്രമിച്ചുവെന്ന സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി. കണ്ണവം സ്റ്റേഷൻ കേന്ദ്രീകരിച്ച് സി.പി.എമ്മിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒക്ടോബർ ഒന്നിനാണ് കണ്ണവം ഗ്രേഡ് എസ്.ഐ ബഷീറിനുനേരെ കൈയേറ്റ ശ്രമമുണ്ടായത്.
ചിറ്റാരിപ്പറമ്പ് കോട്ടയിൽ സി.പി.എം ബ്രാഞ്ച് ഓഫിസ് വളപ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐയുടെ അന്യായ നടപടിയെ ഏതാനും പ്രവർത്തകർ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. കണ്ണവം ഇൻസ്പെക്ടർ ശിവൻ ചോടോത്ത്, പഞ്ചായത്ത് പ്രസിഡൻറ് വി. ബാലൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു. ഇതാണ് സി.പി.എം ആക്രമണമായി ചിത്രീകരിക്കുന്നതെന്നും സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ. ധനഞ്ജയൻ പറഞ്ഞു.
ഗ്രേഡ് എസ്.ഐയുടെ നിയമവിരുദ്ധ നടപടിക്കെതിരെ മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, പൊലീസ് പരാതി സെൽ എന്നിവിടങ്ങളിൽ സി.പി.എം പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു. ചിറ്റാരിപ്പറമ്പ് ലോക്കൽ സെക്രട്ടറി ഷാജി കരിപ്പായി, നഗരസഭ മുൻ ചെയർമാൻ എം. സുകുമാരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.