പുഴ കവർന്ന് കോറളായി ദ്വീപ്
text_fieldsകണ്ണൂർ: മയ്യിൽ കോറളായി തുരുത്ത് പുഴ കവർന്ന് ഇല്ലാതാകുന്നു. മയ്യിൽ പഞ്ചായത്തിലെ വളപട്ടണം പുഴയാൽ ചുറ്റപ്പെട്ട കോറളായി തുരുത്താണ് കരയിടിഞ്ഞ് നാശത്തിെൻറ വക്കിലായത്. ദ്വീപിൽ താമസിക്കുന്ന 153 ഓളം കുടുംബങ്ങൾ കരയിടിച്ചിലും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുകയാണ്. കരയിടിച്ചിൽ മൂലം 10 വർഷംകൊണ്ട് ദ്വീപിെൻറ വിസ്തൃതി അഞ്ചിലൊന്ന് കുറഞ്ഞു. ശക്തമായ കരയിടിച്ചിൽ ദ്വീപിന്റെ നിലനിൽപിനെ ബാധിക്കുന്ന അവസ്ഥയിലാണ്.
തുരുത്തിന്റെ ദയനീയാവസ്ഥയെ തുടർന്ന് മയ്യിൽ അഥീന നാടക നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ കരയിടിച്ചിൽ തടയുന്നതിനായി ശാസ്ത്രീയ പഠനം നടത്തുകയും പരിസ്ഥിതി വിദഗ്ധരുടെ അഭിപ്രായം തേടുകയും ചെയ്തു. വിദഗ്ധരുടെ അഭിപ്രായത്തെ തുടർന്ന് ദ്വീപിന് ഹരിത കവചം ഒരുക്കുന്നതിെൻറ ഭാഗമായി കണ്ടൽ കാട് സ്ഥാപിക്കാനുള്ള പ്രവൃത്തിയും ഇവരുടെ നേതൃത്വത്തിൽ തുടങ്ങി. ഇതിെൻറ ഭാഗമായി കണ്ടൽ പ്രദേശങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തു.
ദ്വീപിലെ സാംസ്കാരിക സ്ഥാപനങ്ങൾ, കുടുംബശ്രീ തുടങ്ങി എല്ലാവരുടെയും പങ്കാളിത്തത്തോടെ അഞ്ചുവർഷംകൊണ്ട് കണ്ടൽക്കാടുകളാൽ ജൈവ ഭിത്തി പൂർണമാക്കാനുള്ള ശ്രമത്തിലാണ് നാട്ടറിവ് വീട് പ്രവർത്തകർ. നാട്ടറിവ് വീട് പ്രസിഡൻറ് ദിൽന കെ. തിലക്, പ്രവർത്തക സമിതി അംഗങ്ങളായ ശ്രീത്തു ബാബു, ആതിര രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങളുടെ മേൽനോട്ടം. ഇതിെൻറ ഭാഗമായി ദ്വീപിൽ കണ്ടൽ നഴ്സറിയുടെ പ്രവർത്തനവും തുടങ്ങി. നഴ്സറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ് നിർവഹിച്ചു.
കോറളായി തുരുത്ത് നിവാസികളെ മുഴുവൻ പങ്കെടുപ്പിച്ച് ദ്വീപിെൻറ സംരക്ഷണം ഉറപ്പുവരുത്താനാണ് ഇവിടെ തന്നെ കണ്ടൽ നഴ്സറി ഒരുക്കുന്നതെന്ന് ദിൽന കെ. തിലക് പറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ തുരുത്തിെൻറ ചുറ്റുവശങ്ങളിൽ പൂർണമായും കണ്ടലുകൾ വെച്ചുപിടിപ്പിക്കുകയാണ് പ്രവർത്തകരുടെ ലക്ഷ്യം. ഇതുകൂടാതെ 250 ഓളം വൃക്ഷതൈകളും ദ്വീപിൽ നടാനുള്ള പദ്ധതിയുണ്ട്. തീരം പുഴ കവരുന്നതിനാൽ പുതിയ വീടുവെക്കാനുള്ള അനുമതിപോലും പ്രദേശ വാസികൾക്ക് നിഷേധിക്കപ്പെടുകയാണ്.
പുഴയിൽനിന്ന് 100 മീറ്റർ വിട്ടായിരിക്കണം പുതിയ നിർമാണ പ്രവർത്തനങ്ങൾ എന്നാണ് പഞ്ചായത്തിെൻറ നിയമം. എന്നാൽ, കര വ്യാപകമായി ഇടിയുന്നതിനാൽ ഇൗ 100 മീറ്റർ നിയമം ഇവിടത്തുക്കാർക്ക് വീട് നിർമാണത്തിന് തടസ്സമാകുകയാണ്.
ഇതേ തുടർന്നാന് ഹരിത കവചം ഒരുക്കി ദ്വീപിനെ ഏതുവിധേനയെയും സംരക്ഷിക്കാനായി അഥീന നാടക നാട്ടറിവ് വീടിെൻറ അണിയറ പ്രവർത്തകർ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.