കൗതുകമായി കൊട്ടിയൂർ പെപ്പർ
text_fieldsകൊട്ടിയൂർ: അലങ്കാരച്ചെടിയായും നാണ്യവിളയായും നടാവുന്ന കുരുമുളക് ചെടി കൗതുകമാവുകയാണ്. ചുങ്കക്കുന്ന് സ്വദേശിയായ കാരക്കാട്ട് തങ്കച്ചന്റെ നഴ്സറിയിലാണ് ‘കൊട്ടിയൂര്‍ പെപ്പര്‍’ എന്ന് പേരിട്ടിരിക്കുന്ന കുരുമുളക് ചെടികളുള്ളത്. കുറ്റിച്ചെടിപോലെ നില്ക്കുന്നതിനാല് വീടുകളില്‍ അലങ്കാര ചെടിയായും നടാന്‍ ഇവ സാധിക്കും. കഷ്ടിച്ച് മൂന്നര അടി മാത്രമാണ് കൊട്ടിയൂർ പെപ്പറിന്റെ ഉയരം. ചെടി നിറയെ പച്ച കുരുമുളകുകള്‍ കായ്ച്ചുനില്‍ക്കുന്നത് കാണാന്‍തന്നെ അതിമനോഹരമാണ്.
പടർന്നുനില്ക്കുന്നതിനാല് നാല് സൈഡിലും ഇവക്ക് താങ്ങ് നല്‍കണം. കുരുമുളകിന്റെ ഭാരംമൂലം ചെടി ഒടിയാതെ ഇരിക്കാനും ഇത് സഹായിക്കുന്നു. ഉയരം കുറവായതിനാല്‍ കുരുമുളക് പറിച്ചെടുക്കാനും എളുപ്പം. 2013 മുതല്‍ നല്ലവിളവ് ലഭിക്കുന്നതും കാലാവസ്ഥക്കനുയോജ്യമായ ഇനം കുരുമുളക് വികസിപ്പിക്കാനുളള ശ്രമത്തിലായിരുന്നുവെന്നും 2019ലാണ് കൊട്ടിയൂര്‍ പെപ്പര്‍ എന്ന മികച്ച വിളവ് ലഭിക്കുന്ന ഇനം കുരുമുളക് ലഭിക്കുന്നതെന്നും തങ്കച്ചന് പറഞ്ഞു. തൈ നടുമ്പോള്‍ ചാണകപ്പൊടിയും എല്ലുപൊടിയും ഇട്ടു കൊടുക്കണം. തൈ വളരുമ്പോള്‍ ചുവട്ടില്‍ ചപ്പ് ഇട്ടുകൊടുക്കണം. പച്ചച്ചാണകം കലക്കി ഒഴിക്കുകയും വേണം. ഇടക്കിടെ നനച്ചു കൊടുക്കണം.
12 മാസവും കായ്ക്കുന്ന ചെടിയാണിത്. ഒരു തവണ വിളവെടുക്കുമ്പോള്‍ തന്നെ ഒരു കിലോയിലധികം കുരുമുളക് ലഭിക്കും. നീളമുള്ള തിരിയാണ് കൊട്ടിയൂര്‍ പെപ്പറിന്. നിറയെ കുരുമുളക് മണികള്‍ ഓരോ തിരിയിലും ഉണ്ടാകും. മുളകിന് നല്ല തൂക്കവുമുണ്ട്. കുരുമുളക് പറിച്ചെടുക്കാനും മെതിക്കാനും വളരെ എളുപ്പമാണെന്നും തങ്കച്ചന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.